ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും ഒറ്റിയത് സിനിമ മേഖലയില്‍ നിന്ന് തന്നെ

രേണുക വേണു

തിങ്കള്‍, 28 ഏപ്രില്‍ 2025 (09:42 IST)
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ പിടികൂടാന്‍ എക്‌സൈസ് സംഘത്തെ സഹായിച്ചത് സിനിമ മേഖലയില്‍ നിന്നുള്ളവരെന്ന് സൂചന. ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസിനു സൂചന നല്‍കിയത് സിനിമ മേഖലയിലെ ചിലരാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. 
 
ഛായാഗ്രാഹകന്‍ സമീര്‍ താഹിറിന്റെ ഗോശ്രീപാലത്തിനു സമീപമുള്ള ഫ്‌ളാറ്റില്‍ നിന്നാണ് ഞായറാഴ്ച പുലര്‍ച്ചെ ഇവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സമീര്‍ താഹിറിനു നോട്ടീസ് അയക്കും. 
 
ഈ ഫ്‌ളാറ്റില്‍ ഖാലിദും അഷ്‌റഫും സ്ഥിരം സന്ദര്‍ശകരായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ ഗ്രൂപ്പിനുള്ളില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് സിനിമ മേഖലയില്‍ നിന്നുള്ള ആരോ എക്‌സൈസിനു വിവരം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് എക്‌സൈസ് പുലര്‍ച്ചെ ഫ്‌ളാറ്റിലെത്തി പരിശോധന നടത്തിയത്. ചോദ്യം ചെയ്യലില്‍ സിനിമ മേഖലയില്‍ ലഹരി ഉപയോഗിക്കുന്ന ചില അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകള്‍ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. 
 
1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. തമാശ, ഭീമന്റെ വഴി, സുലൈഖ മന്‍സില്‍ എന്നിവയാണ് അഷറഫ് ഹംസ സംവിധാനം ചെയ്ത ചിത്രങ്ങള്‍. അനുരാഗ കരിക്കന്‍ വെള്ളം, ഉണ്ട, ലൗ, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ ഹിറ്റ് ചിത്രങ്ങളുടെ ഡയറക്ടറാണ് ഖാലിദ് റഹ്‌മാന്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍