നിങ്ങള്‍ പ്രണയത്തിലാണോ?

Webdunia
PROPRO
എത്ര മസിലു പിടിച്ചാലും പ്രണയത്തില്‍ ആകാന്‍ ഇഷ്ടപ്പെടാത്തവര്‍ ചുരുക്കമായിരിക്കും. അത്രയ്‌ക്കും മാസ്മരികതയാണ് പ്രണയത്തിന്. അതു കൊണ്ട് തന്നെയാണ് എതിര്‍ലിംഗത്തില്‍ പെട്ടയാളുടെ സാന്നിദ്ധ്യത്തില്‍ അപ്രതീക്ഷിതമായി മനസ്സില്‍ ആനന്ദം തോന്നുമ്പോള്‍ ഞാന്‍ പ്രണയത്തിലായോ എന്ന് എല്ലാവര്‍ക്കും സന്ദേഹം തോന്നുന്നത്.

എന്നാല്‍ നിങ്ങള്‍ പ്രണയിക്കുകയാണോ? അതോ തോന്നുന്നത് വെറും കേവല ആകര്‍ഷണമാണോ? എന്നതാണ് ചോദ്യം. ഇതു തമ്മിലെ പ്രധാന വ്യത്യാസം പ്രണയം അവസാനം വരെ നില്‍ക്കുന്നതും എന്നാല്‍ ആകര്‍ഷണം ചെറിയ കാലം നിലനില്‍ക്കുന്നതും ആണെന്നതാണ്. ചില കാര്യങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് അത് തിരിച്ചറിയാം.

പ്രണയം എന്നത് ശക്തമായ വികാരമാണ്. അത് അവസാനം വരെ ശക്തമായി നിലനില്‍ക്കുകയും ചെയ്യും. നിങ്ങള്‍ ശക്തമായ പ്രണയത്തിലാണെങ്കില്‍ നിങ്ങളുടെ ഉള്ളില്‍ എപ്പോഴും ഒരു ആനന്ദത്തിന്‍റെ തിരത്തള്ളല്‍ അനുഭവിക്കാനാകും. പങ്കാളിയെ കാണാനുള്ള ത്വരയും കഴിയുന്നെങ്കില്‍ പ്രണയിക്കുന്നയാള്‍ക്കു പിന്നാലെ ചുറ്റിപ്പറ്റിനില്‍ക്കാനും ഇഷ്ടപ്പെടും.

പ്രണയിക്കുന്ന നിങ്ങളുടെ പങ്കാളിയെ കുറിച്ച് ആരെങ്കിലും മോശമായി പറഞ്ഞാല്‍ അകാരണമായ വേദന തോന്നാറുണ്ടോ? പ്രണയം നിങ്ങള്‍ക്ക് വേദന നല്‍കും. എന്നാല്‍ പ്രണയിക്കുന്നയാള്‍ മുറിപ്പെടുത്തിയാല്‍ മാത്രം. മറ്റൊരാള്‍ പ്രണയിക്കുന്നയാളെ കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ചിലപ്പോള്‍ ഏശണമെന്നും പോലുമില്ല. നമ്മുടെ പ്രണേതാവ് വേദനിപ്പിക്കുമ്പോള്‍ ഒഴികെ എതിരാളികള്‍ എന്തു പറഞ്ഞാലും ചിലപ്പോള്‍ സ്വീകരിച്ചില്ലെന്നും വരും.

മറ്റൊന്ന് ത്യജിക്കലാണ്. പ്രണയത്തിനു വേണ്ടി എന്തും ബലി കഴിക്കും. എന്തും നല്‍കും പ്രണയിനിക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ശക്തമായ ആഗ്രഹമാണിതിനു പിന്നില്‍‍. നിസ്വാര്‍ത്ഥമായിട്ടായിരിക്കും പ്രണയിനിക്കായി പലപ്പോഴും എല്ലാം നല്‍കുക. എന്നാല്‍ ഈ വക സഹതാപങ്ങള്‍ക്കൊന്നും ആകര്‍ഷണത്തില്‍ സ്ഥാനമില്ല. പ്രണയവും ആകര്‍ഷണവും തമ്മില്‍ നേരിയ അതിര്‍ വരമ്പ് കോണ്ടാണ് വേര്‍തിരിച്ചിരിക്കുന്നത്.

IFMPRO
പ്രണയവും ആകര്‍ഷണവും തമ്മിലെ വ്യത്യാസത്തിന് ഒരു അനുഭവകഥ ഇതാ. ബിരുദാനന്തര പഠനത്തിനു ശേഷം വെറുതെ നില്‍ക്കുമ്പോഴാണ് അയല്‍ക്കാരായ അനിലിനും സരിതയ്‌ക്കും ഇടയില്‍ പ്രണയം തുടങ്ങുന്നത്. അത് ശക്തമാകാന്‍ കാലതാമസം വന്നില്ല. പ്രണയച്ചൂടില്‍ അനിലിനു ജീവന്‍ തന്നെ സരിത നല്‍കും. അനില്‍ തിരിച്ചും. പ്രണയം തുടങ്ങി നാളുകളേ ആയുള്ളൂ അപ്പോഴേയ്‌ക്കും ഇത് സരിതയുടെ അച്ഛന്‍ അറിഞ്ഞു.

പ്രണയത്തില്‍ നിന്നും മോചിപ്പിക്കുന്നതിനായി അവളെ നാട്ടില്‍ നിന്നും മാറ്റിപ്പാര്‍പ്പിക്കാനായിരുന്നു അയാളുടെ തീരുമാനം. എന്നാല്‍ അനിലിനെ വിട്ടു പോകില്ലെന്ന് ശാഠ്യം പിടിച്ചെങ്കിലും ഡ്രൈവറായ അവളുടെ അച്ഛന്‍ അനിലിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയതോടെ സരിത അയഞ്ഞു. മറുനാട്ടിലേക്ക് പോയെങ്കിലും സരിത തന്‍റെ പ്രണയത്തെ മുറുക്കിപ്പിടിച്ചിരുന്നു. അനിലുമായി കത്തുകള്‍ മുഖാന്തിരവും ഫോണ്‍ മുഖാന്തിരവും ബന്ധം പുലര്‍ത്താന്‍ വേണ്ടുന്നതെല്ലാം അവള്‍ ചെയ്തു.

കാര്യങ്ങള്‍ ഇങ്ങനെ പോകവേയാണ് അനിലിന്‍റെ ഇളയച്ഛന്‍റെ ഭാര്യയുടെ ആദ്യ ബന്ധത്തിലെ കുട്ടി (ഇളയച്ഛന്‍റെ മകളല്ല) തറവാട്ടിലേക്ക് എത്തുന്നത്. സ്വാഭാവികമായും ചെറുപ്പക്കാരനായ ഇളയച്ഛന്‍റെ ക്രൂരതകളില്‍ നിന്നും പലപ്പോഴായി അനിലിനു ഈ പെണ്‍കുട്ടിയെ രക്ഷിക്കേണ്ടി വന്നു. ചിലപ്പോഴൊക്കെ അമ്മയില്ലാത്ത സമയത്ത് സംരക്ഷകന്‍റെ വേഷം സ്വീകരിച്ച അനിലിന് തോന്നിയ പരിചയവും സഹതാപവുമെല്ലാം പതിയെ പ്രണയമായി മാറി.

സ്വാഭാവികമായും സരിതയോട് തോന്നിയിരുന്ന വികാരത്തിന് അയവും വന്നു. മാസത്തിനകം തന്നെ അവളെ മറക്കാനും പുതിയ ബന്ധം തുടങ്ങാനും അയാള്‍ക്ക് കഴിഞ്ഞു. എന്തായാലും അനിലിന്‍റെ ഏറ്റവും പുതിയ ബന്ധം അവസാനിച്ചത് വിവാഹത്തിലായിരുന്നു. തന്‍റേ ഒരു സുഹൃത്ത് വഴി നാട്ടുകാരും വീട്ടുകാരും അറിയാതെ അനില്‍ പതിയെ നാട് വിട്ടു.

അനിലിന്‍റെ കത്തുകളും ഫോണ്‍ കോളുകളും ഒന്നും ഇല്ലാതെ വന്നപ്പോള്‍ സരിത പറ്റിയ ഒരു സാഹചര്യത്തില്‍ നാട്ടിലേക്ക് തിരിച്ചു. കാര്യങ്ങളെല്ലാം അറിഞ്ഞ അവള്‍ ബഹളമൊന്നും വച്ചില്ല. തന്നെ രണ്ടു മൂന്ന് ദിവസം ചടഞ്ഞിരുന്ന അവള്‍ ആഹാരം കഴിക്കാനോ ആരോടെങ്കിലും സംസാരിക്കാനോ മടിച്ചു. പതിയെ ജീവിതം മരണത്തിനു കൈമാറുകയും ചെയ്തു.

അനിലിന് സരിതയോട് തോന്നിയിരുന്നത് തികച്ചും ആകര്‍ഷണം മാത്രമായിരുന്നു. സരിതയുടെ സാന്നിദ്ധ്യം നഷ്ടമായതോടെ അയാള്‍ അത് മറക്കുകയും ചെയ്തു. എന്നാല്‍ സരിതയാകട്ടെ പ്രണയം അവസാനം വരെ സൂക്ഷിക്കുക തന്നെ ചെയ്തു. സരിതയുടെയും അനിലിന്‍റെയും അനുഭവങ്ങളില്‍ നിങ്ങള്‍ക്കെന്തു തോന്നുന്നു?