മുത്തലാഖ്; നൂറ്റാണ്ടുകള്‍ കാത്തിരുന്ന വിധി !

Webdunia
ചൊവ്വ, 26 ഡിസം‌ബര്‍ 2017 (14:37 IST)
മുസ്ലിം വിവാഹമോചന രീതിയായ മുത്തലാഖിനെ ചൊല്ലി നിരവധി പ്രശ്നങ്ങള്‍ രാജ്യത്ത് ഉടലെടുത്തിരുന്നു.  എന്നാല്‍ ഇത് മതപരമായ വിശ്വാസത്തിന്റെ കാര്യമായതിനാൽ കോടതിയ്ക്ക് ഇടപെടാന്‍ കഴിയില്ലെന്നും ആറു മാസത്തിനകം ഇക്കാര്യത്തില്‍ പാർലമെന്റിന് വേണമെങ്കിൽ നിയമനിർമാണം നടത്താമെന്നും കോടതി പറഞ്ഞു.
 
മുത്തലാഖിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളിലായിരുന്നു കോടതി വാദം കേട്ടതും തുടര്‍ന്ന് വിധി പറഞ്ഞതും. ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിര്‍ണായക വിധി പുറപ്പെടുവിച്ചത്. 
 
മുത്തലാഖിന്റെ ഇരയായ ഉത്തരാഖണ്ഡ് സ്വദേശി ശഹരിയാബാനുവായിരുന്നു കേസിലെ മുഖ്യ ഹര്‍ജിക്കാരി. മുസ്ലിം വിമണ്‍സ് ക്വസ്റ്റ് ഫോര്‍ ഈക്വാലിറ്റി എന്ന സംഘടനയും മുത്തലാഖിന്റെ ഇരകളായ നാല് സ്ത്രീകളും പിന്നീട് കക്ഷി ചേരുകയായിരുന്നു. ഇവരോടൊപ്പം കേന്ദ്ര സര്‍ക്കാരും കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദും മുത്തലാഖ് നിരോധിക്കണമെന്ന് കോടതിയില്‍ വാദിക്കുകയായിരുന്നു. 
 
എന്നാല്‍ മുത്തലാഖ് നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. പകരം വീണ്ടുമൊരു കൂടിച്ചേരലിന് സാധ്യതയില്ലാത്ത വിധം ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാകുമെന്നും. ഇത് നടപ്പിലാക്കാന്‍ ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്യുമെന്നും പറഞ്ഞു.
 
മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. അതിനാല്‍ ഐപിസി 497 വകുപ്പ് തുടര്‍ച്ചയായി പുതിയ ഒരു ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ആഗസ്റ്റ് 22നാണ് സുപ്രീകോടതി ഭരണഘടനാ ബെഞ്ച് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. 
 
തുടര്‍ന്ന് ഡിസം‌ബര്‍ 22 വെള്ളിയാഴ്ച മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ല് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് കരടു തയാറാക്കിയതെന്നാണ് പ്രതിപക്ഷത്തിന്‍റെ വാദം.
 
മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 
 
അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. ശേഷം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത് വന്നു. ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും  ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സിലില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article