മുത്തലാഖ് നിരോധന ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്

ചൊവ്വ, 26 ഡിസം‌ബര്‍ 2017 (10:11 IST)
മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ബില്ലിനെതിരെ മുസ്‌ലിം ലീഗ് രംഗത്ത്. ബില്ലിലെ വ്യവസ്ഥയില്‍ വൈരുധ്യമുണ്ടെന്നും ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന ദേശീയ കൗണ്‍സിലില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. ഹൗസില്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന കരട് ബില്ലിന് കേന്ദ്രമന്ത്രിസഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു. മുസ‌്‌ലിം വനിതാ വിവാഹ അവകാശ സംരക്ഷണ ബില്‍ എന്ന പേരിലാണു പാര്‍ലമെന്‍റില്‍ ഇതില്‍ അവതരിപ്പിച്ചത്. മൂന്നു തലാഖുകളും ഒറ്റത്തവണചൊല്ലി വിവാഹ മോചനം തേടുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷനു മൂന്നുവര്‍ഷംവരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. 
 
അതേസമയം മുത്തലാഖിനെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബില്ലിനെ എതിര്‍ത്ത് വിവിധ സ്ത്രീ സംഘടനകള്‍ രംഗത്ത് വന്നിരുന്നു ‍. ബില്ലുകള്‍ നിയമമാക്കുന്നതിന് മുന്‍പ് നന്നായി ആലോചിക്കണമെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഉണ്ടാക്കുന്ന ഈ നിയമം അവരെ തന്നെ ബാധിക്കുമെന്നാണ് ഈ സംഘടനയുടെ വാദം. വിവാഹമെന്ന സിവില്‍ കരാറിന്റെ ലംഘനത്തെ ക്രിമിനല്‍ കുറ്റകൃത്യമാക്കുന്നതിനെ തങ്ങള്‍ എതിര്‍ക്കുമെന്നാണ് മുത്തലാഖ് കേസില്‍ സൈറാ ബാനുവിനെ പിന്തുണച്ച ബെബാക് കലക്ടീവ് പ്രസ്താവനയില്‍ അറിയിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍