‘നമോ ചായ‘യെ എതിരിടാന്‍ ‘രാഗാ പാല്‍‘!

Webdunia
വെള്ളി, 21 ഫെബ്രുവരി 2014 (14:48 IST)
PRO
PRO
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രചാരണ തന്ത്രവുമായാണ് ബിജെപി നമോ ചായക്കടകള്‍ തുറന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുമായുള്ള ചായ ചര്‍ച്ചകളും പാര്‍ട്ടി പ്രചാരണ ആയുധമാക്കി. മുന്‍പ് ചായക്കട നടത്തിയിരുന്നതിന്റെ പേരും പറഞ്ഞ് കോണ്‍ഗ്രസ് മോദിയെ ചായക്കാരന്‍ എന്ന് കളിയാക്കി. പക്ഷേ അതും മോഡിക്ക് തന്നെയാണ് ഗുണമായി ഭവിച്ചര്‍ഹ്. നരേന്ദ്രമോഡിയുടെ ചുരുക്കപ്പേരായ നമോ എന്ന പേരിലുള്ള ചായ ക്ലിക്കാകുകയും ചെയ്തു.

മോഡി ചായകുടിപ്പിച്ച് ജനങ്ങളെ പാട്ടിലാക്കുമ്പോള്‍ അതിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേരില്‍ ജനങ്ങള്‍ക്ക് പാല് വിതരണം ചെയ്യുകയാണ് അവര്‍. ഉത്തര്‍പ്രദേശിലെ ഘോരക്പൂറിലാണ് കോണ്‍ഗ്രസിന്റെ ഈ പുതിയ പരീക്ഷണം.

രാഗാ പാല്‍ എന്നാണ് ഫ്രീയായി വിതരണം ചെയ്യുന്ന പാലിന്റെ പേര്. രാഹുല്‍ ഗാന്ധിയുടെ ചുരുക്കപ്പേരായാണ് ‘രാഗാ’ എന്ന് പേരിട്ടിരിക്കുന്നത്. പാല്‍ വിതരണം ചെയ്യുന്ന പേപ്പര്‍ കപ്പില്‍ രാഹുലിന്റെ ചിത്രവുമുണ്ട്.

ചായ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ മോഡി രാജ്യത്തിനും നല്ലതല്ല. അതിനാല്‍ പാല്‍ കുടിക്കൂ എന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.