തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത ആശുപത്രിയിലായ ശേഷം ആദ്യത്തെ കാബിനറ്റ് യോഗം ബുധനാഴ്ച ചേര്‍ന്നു. മുഖ്യമന്ത്രിയുടെ എല്ലാ വകുപ്പുകളുടെയും ചുമതലയുള്ള ധനമന്ത്രി ഒ പനീര്‍ശെല്‍വം യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
കാവേരി വിഷയമായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രത്യേക ഉദ്യോഗസ്ഥരുടെ നിയമനം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു.
മദ്രാസ് ഹൈക്കോടതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത സാഹചര്യത്തില്‍ ഭരണ നിര്‍വഹണത്തിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ അടിയന്തിരമായി തീരുമാനമെടുക്കേണ്ടതുണ്ട്.
മുഖ്യമന്ത്രി വഹിച്ചിരുന്ന വകുപ്പുകളുടെയെല്ലാം ചുമതല ഒ പനീര്‍ശെല്‍വത്തിന് കൈമാറിയ ശേഷം കൃത്യം ഒരാഴ്ചയ്ക്ക് ശേഷമാണ് ആദ്യ കാബിനറ്റ് യോഗം ചേര്‍ന്നത്.
ജയലളിതയുടെ അസാന്നിധ്യത്തില്‍ മുമ്പ് രണ്ടുതവണ മുഖ്യമന്ത്രിയായ പനീര്‍ശെല്‍വം ജയലളിത ആശുപത്രിയിലായതോടെ മുഴുവന്‍ സമയവും ആശുപത്രിയിലെ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയായിരുന്നു.