പശ്ചിമ ബംഗാളില്‍ സി പി എമ്മുമായുള്ള സഹകരണം തുടരാന്‍ കോണ്‍ഗ്രസ് തീരുമാനം. ശക്തമായ പ്രതിപക്ഷം എന്ന നിലയില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരായ സമരങ്ങളില്‍ ഇരു പാര്‍ട്ടികളും ഒറ്റയ്ക്കെട്ടായി നില്‍ക്കുമെന്നും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരങ്ങളിലേക്ക് സി പി എം നേതാക്കളെ ക്ഷണിക്കുമെന്നും പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആതിര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
അതേസമയം, ബംഗാള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഉണ്ടാക്കിയ സംഖ്യം പാര്‍ട്ടി കോണ്‍ഗ്രസിന്റെ തീരുമാനം ലംഘിച്ചല്ലെന്ന് ബംഗാള്‍ പാര്‍ട്ടി നേതൃത്വം അവകാശപ്പെട്ടു. ബംഗാള്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സി പി എം സംസ്ഥാന സമിതിയാണ് ഇത്തരമൊരു വിശകലനത്തിലെത്തിയത്. സമിതിയില്‍ പങ്കെടുത്ത 52 പേര്‍ കോണ്‍ഗ്രസുമായി സഖ്യം ചേരുന്നത് അനുകൂലിച്ചു. എന്നാല്‍ അഞ്ച് പേര്‍ കോണ്‍ഗ്രസ് സഖ്യത്തെ എതിര്‍ത്തു.