ബംഗളൂരുവില്‍ മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയില്ലെങ്കില്‍ അടി ഉറപ്പ്!

Webdunia
തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2016 (21:10 IST)
കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകം കത്തുമ്പോള്‍ ബംഗളൂരുവിലും മറ്റുമുള്ള മലയാളികള്‍ ആശങ്കയിലാണ്. ഐ ടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരും അല്ലാത്തവരുമായ പതിനായിരക്കണക്കിന് മലയാളികളാണ് ബംഗളൂരുവിലുള്ളത്. ഓണാഘോഷത്തിനായി കേരളത്തിലേക്ക് പോകേണ്ട മലയാളികള്‍ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുകയാണ്.
 
കൂടുതല്‍ മലയാളികളും തമിഴോ ഇംഗ്ലീഷോ ആണ് ആശയവിനിമയത്തിനായി ബംഗളൂരുവില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തമിഴ് സംസാരിക്കാനാവാത്ത അവസ്ഥയാണ് മലയാളികള്‍ക്കുമുള്ളത്. തമിഴ് സംസാരിച്ചാല്‍ അടികിട്ടുന്ന അവസ്ഥയാണ് ബംഗളൂരുവിലുള്ളതെന്ന് മലയാളികള്‍ പ്രതികരിച്ചു. ഇംഗ്ലീഷ് അറിയാത്ത മലയാളികള്‍ക്കാണ് ഇതുമൂലം വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നത്.
 
അറുപതിലധികം ബസുകളാണ് കര്‍ണാടകയില്‍ ഇന്ന് അഗ്നിക്കിരയായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള ബസുകള്‍ തെരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. കേരളത്തില്‍ നിന്ന് കര്‍ണാടകത്തിലേക്കും തിരിച്ചുമുള്ള ബസ് സര്‍വീസ് കെ എസ് ആര്‍ ടി സി റദ്ദ് ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള 27 ബസുകളാണ് കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്നത്.
 
ഓണാവധിക്ക് നാട്ടിലെത്താന്‍ പോയിട്ട് വീടിന് പുറത്തിറങ്ങാനാവാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാളികള്‍ ബംഗളൂരുവില്‍ വസിക്കുന്നത്. 
Next Article