നടന്നത് ലയനമോ പ്രവര്‍ത്തകരുടെ ആഗ്രഹമോ അല്ല; ഈ സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ: ആരോപണവുമായി ടി.ടി.വി ദിനകരന്‍ രംഗത്ത്

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (07:41 IST)
ഒപിഎസ്-ഇപിഎസ് ലയനത്തിന് പിന്നാലെ സര്‍ക്കാരിനെ വെല്ലുവിളിച്ച് ടി.ടി.വി ദിനകരന്‍ രംഗത്ത്. ഇപ്പോള്‍ നടന്നത് ലയനമല്ലെന്നും സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി നടത്തിയ ഒരു നീക്കുപോക്ക് മാത്രമാണെന്നും ദിനകരന്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി. എഐഎഡിഎം പ്രവര്‍ത്തകര്‍ ആഗ്രഹിച്ചതല്ല നടന്നത്. പാര്‍ട്ടിക്ക് ദ്രോഹം ചെയ്തയാളെ എങ്ങനെയാണ് കൂടെകൂട്ടുകയെന്ന് നാം ഓരോരുത്തരും ചിന്തിക്കണം. നിലവിലെ ഈ സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.   
 
കഴിഞ്ഞ ദിവസം നടന്ന ലയനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന സൂചനയും ദിനകരന്‍ നല്‍കി. ഉപമുഖ്യമന്ത്രിയായി പനീര്‍ശെല്‍വം ചുമതലയേറ്റതിന് പിന്നാലെ ദിനകരനെ അനുകൂലിക്കുന്ന 18 എംഎല്‍എമാര്‍ മറീനബീച്ചിലെ ജയലളിതയുടെ സ്മാരകത്തിലെത്തുകയും അവിടെ പതിനഞ്ചു മിനിറ്റോളം പ്രാര്‍ത്ഥന നടത്തുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ ഗവര്‍ണറെ കാണുമെന്നും അവര്‍ മാധ്യമങ്ങളെ അറിയിച്ചു. വിശ്വാസവോട്ട് നേരിടേണ്ട സാഹചര്യം വന്നാല്‍ പളനിസ്വാമി സര്‍ക്കാരിന് കാര്യങ്ങള്‍ സങ്കീര്‍ണമായി മാറിയേക്കും. 
 
233 അംഗങ്ങളുള്ള സഭയില്‍ എഐഎഡിഎംകെയ്ക്ക് 134 എംഎല്‍എമാരാണുളളത്. ഭൂരിപക്ഷം നേടണമെങ്കില്‍ 117 എംഎല്‍എമാരുടെ മാത്രം പിന്തുണ മതി. അതേസമയം ദിനകരനോടൊപ്പം 18 എംഎല്‍എമാര്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പളനിസാമി സര്‍ക്കാരിന്‍ അത് കടുത്ത വെല്ലുവിളിയാകും ഉയര്‍ത്തുകയെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം അവിശ്വാസം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച് നേരത്തെ ഡിഎംകെയും രംഗത്തെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article