ജെല്ലിക്കെട്ട്: മറീനയിൽ ഒരുലക്ഷം പോരാളികൾ, പ്രധാനമന്ത്രിക്ക് മിസ്‌ഡ് കോൾ പ്രവാഹം !

Webdunia
വെള്ളി, 20 ജനുവരി 2017 (09:05 IST)
മറീന ബീച്ച് ഒരു വലിയ ജനകീയ പോരാട്ടത്തിന് സാക്‌ഷ്യം വഹിക്കാൻ തുടങ്ങിയിട്ട് ഇത് നാലാം ദിവസം. ജെല്ലിക്കെട്ട് വേണമെന്ന ആവശ്യമുന്നയിച്ച് ഒരു ലക്ഷത്തോളം പേരാണ് മറീന കേന്ദ്രമാക്കി സമരം നടത്തുന്നത്. മറീന കടൽക്കരയിൽ തന്നെ താമസിച്ചാണ് പെൺകുട്ടികൾ അടക്കമുള്ളവർ പ്രതിഷേധം നടത്തുന്നത്. യുവജനങ്ങളുടേ ഈ പ്രതിഷേധാഗ്നിയിൽ അക്ഷരാർത്ഥത്തിൽ സ്തംഭിച്ച് നിൽക്കുകയാണ് തമിഴ്‌നാട്.
 
വളരെ വ്യത്യസ്തമായ സമരരീതികളാണ് ജെല്ലിക്കെട്ടിനായി വിദ്യാർത്ഥികളും യുവജനങ്ങളും കൈക്കൊണ്ടിരിക്കുന്നത്. നാലാൾ കൂടുന്നിടത്തൊക്കെ പ്ലക്കാർഡുകളുയർത്തി പ്രതിഷേധവുമായെത്തുകയാണ് സമരക്കാർ. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മിസ്ഡ് കോൾ അടിച്ചുള്ള പ്രതിഷേധം ശക്തമായി തുടരുന്നു. ട്വിറ്ററിൽ നരേന്ദ്രമോദിയുടെ ട്വീറ്റുകൾക്ക് ആയിരക്കണക്കിന് പ്രതിഷേധ മറുട്വീറ്റുകൾ നിറച്ചിരിക്കുകയാണ് തമിഴ് ജനത.
 
കേരളത്തിൻറെ സമരമാർഗമായിരുന്ന മനുഷ്യച്ചങ്ങലയാണ് വിദ്യർത്ഥികൾ ഇവിടെ പരീക്ഷിച്ച പുതിയ ആയുധം. ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന മനുഷ്യച്ചങ്ങലകളാണ് തമിഴ്‌നാട്ടിലാകെ രൂപം കൊണ്ടിരിക്കുന്നത്.
 
നാടൻ പാട്ട്, തെരുവ് നാടകം, നൃത്തം, ബൈക്ക് റാലി തുടങ്ങിയ സമര മാർഗങ്ങളും യുവജനങ്ങൾ സ്വീകരിക്കുന്നു. മുദ്രാവാക്യങ്ങളെല്ലാം ആവേശഭരിതമാണ്. "ആയിരം ഇളഞർ തുനിന്തുവിട്ടാൽ ആയുധം എതുവും തേവൈയില്ലൈ" എന്ന മുദ്രാവാക്യമാണ് മറീനയിൽ സമരാഗ്നി ആളിക്കത്തിക്കുന്നത്.
Next Article