ആരോപണങ്ങള്‍ ഞെട്ടിച്ചെന്ന് ഇസ്ലാം മതപണ്ഡിതന്‍ സാകിര്‍ നായിക്; തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും നായിക്

Webdunia
വെള്ളി, 15 ജൂലൈ 2016 (12:07 IST)
തനിക്കെതിരായ ആരോപണങ്ങള്‍ ഞെട്ടിച്ചെന്ന് ഇസ്ലാം മതപണ്ഡിതന്‍ ഡോ സാകിര്‍ നായിക്. താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനാണെന്നും സാകിര്‍ നായിക് പറഞ്ഞു. സൗദി അറേബ്യയിലുള്ള സാകിർ നായിക് ഇന്ന് രാവിലെ 11 മണിക്ക് ദക്ഷിണ മുംബൈയിലെ ബോയ്സ് ഹാളിൽ വെച്ചായിരുന്നു വീഡിയോ കോൺഫറൻസ് വഴി മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തിയത്.
 
നീണ്ടുനിന്ന ആശങ്കകള്‍ക്ക് ഒടുവിലാണ് സാകിര്‍ നായിക് മാധ്യമങ്ങളെ കണ്ടത്. തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. താന്‍ സമാധാനത്തിന്റെ സന്ദേശവാഹകനാണെന്നും ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാമിന് ഹറാമാണെന്നും സാകിര്‍ നായിക് പറഞ്ഞു. ഭീകരാക്രമണങ്ങളെ അപലപിക്കുന്നു.
 
ഫ്രാന്‍സിലെ ഭീകരാക്രമണത്തെ അപലപിച്ചായിരുന്നു സാകിര്‍ നായിക് വാര്‍ത്താസമ്മേളനം തുടങ്ങിയത്. തന്റെ പ്രഭാഷണങ്ങള്‍ സമാധാനത്തിനു വേണ്ടിയുള്ളതാണ്. എല്ലാ ഭീകരാക്രമണങ്ങളെയും താന്‍ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
 
ഒരു തീവ്രവാദിയെയും അറിഞ്ഞുകൊണ്ട് കണ്ടിട്ടില്ല. എന്നാല്‍, ചിലർ തന്‍റെ അടുത്തുവന്നു നിന്ന് ചിലപ്പോള്‍ ഫോട്ടോ എടുക്കാറുണ്ട്. അവർ ആരാണെന്ന് അറിയില്ല. ഏതെങ്കിലും തരത്തിലുള്ള ചോദ്യവുമായി സർക്കാരിന്‍റെ ഒരു ഔദ്യോഗിക സംവിധാനവും ഇതുവരെ തന്നെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യൻ സർക്കാരുമായോ പൊലീസുമായോ തനിക്കൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
 
തന്റെ പ്രഭാഷണം ബ്രിട്ടണില്‍ മാത്രമാണ് വിലക്കിയിട്ടുള്ളത്. മലേഷ്യയില്‍ വിലക്കിയിട്ടുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതി തനിക്ക് ലഭിച്ചിട്ടുണ്ടെന്നും സാകിര്‍ നായിക് പറഞ്ഞു.
 
സൗദി അറേബ്യയിലുള്ള സാകിർ നായിക് ഇന്ന് രാവിലെ 11 മണിക്ക് ദക്ഷിണ മുംബൈയിലെ ബോയ്സ് ഹാളിൽ വെച്ചായിരുന്നു വീഡിയോ കോൺഫറൻസ് വഴി മാധ്യമപ്രവർത്തകരുമായി ആശയവിനിമയം നടത്തിയത്.
Next Article