ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍സിങ്ങിന്റെ വീടിന് മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. റായ്പുരില്‍ കഴിഞ്ഞ 21നാണ് ഇരുപത്തിയെട്ടുകാരനായ യോഗേഷ് സാഹു തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവാവ് ബുധനാഴ്ച വൈകിട്ടാണ് മരിച്ചതെന്ന് റായ്പുര്‍ പോലീസ് സൂപ്രണ്ട് സഞ്ജീവ് ശുക്ല പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ട് ജോലിയ്ക്ക് അപേക്ഷ നല്‍കാനാണ് ഭിന്നശേഷിക്കാരനായ സാഹു എത്തിയത്. അഞ്ചംഗകുടുംബം വളരെ ദയനീയ സ്ഥിതിയിലാണെന്നും ജോലി നല്‍കണമെന്നുമായിരുന്നു സാഹുവിന്റെ അപേക്ഷ. മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ സാഹുവിനെ അകത്തേക്ക് കടത്തിവിട്ടില്ല. സാഹുവിന്റെ അപേക്ഷ സെക്യൂരിറ്റി ജീവനക്കാര്‍ കൈപറ്റുകയും ചെയ്തു. ഇത് കഴിഞ്ഞയുടന്‍ കൈയ്യില്‍ കരുതിയ മണ്ണെണ്ണ ദേഹത്തൊഴിച്ച് സാഹു തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
70 ശതമാനം പൊള്ളലേറ്റ സാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യുവാക്കള്‍ ക്ഷമകാണിക്കണമെന്നും നിരവധി തൊഴിലവസരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും അറിയിച്ചു.