ഷീന ബോറ വധക്കേസില്‍ പീറ്റര്‍ മുഖര്‍ജിക്കെതിരെ മകന് രാഹുല്‍ മുഖര്‍ജി. ഷീനയുടെ വധവുമായി ബന്ധപ്പെട്ട് പീറ്റര്‍ മുഖര്‍ജിയെ രാഹുല്‍ മുഖര്‍ജി കുറ്റപ്പെടുത്തുന്നതിന്റെ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. തെളിവുകളായി കോടതിയിൽ സി ബി ഐ സമർപ്പിച്ച സംഭാഷണങ്ങളാണ് പുറത്തു വന്നത്. രാഹുല്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങള്‍ സി ബി ഐക്ക് നല്‍കുകയായിരുന്നു.
ഷീനയെ കാണാതായാൽ എന്താണ് പ്രശ്നമെന്നും എന്തിനാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും രാഹുലിനോട് പീറ്റർ ചോദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, തന്റെ കാമുകിയെ കാണാതായതിൽ പിതാവിനെ രാഹുൽ സംശയിക്കുന്നു.
ഷീന ബോറയെ പെട്ടെന്നൊരു ദിവസം കാണാതായാൽ എന്തു സംഭവിക്കുമെന്ന് സംഭവത്തിന് ഒരു വർഷം മുമ്പ് പീറ്റർ ചോദിച്ച കാര്യവും രാഹുൽ ഓർമിപ്പിക്കുന്നുണ്ട്. ഷീന ഉപേക്ഷിച്ച് പോയതിൽ രാഹുലിനെ പീറ്റർ ആശ്വസിപ്പിക്കുന്നതും സംഭാഷണങ്ങളിൽ കേൾക്കാം. രാഹുൽ റെക്കോഡ് ചെയ്തതാണ് സംഭാഷണങ്ങൾ.