സിറിയയില്‍ നിന്നും ഇറാക്കില്‍ നീന്നും തന്നെ രക്ഷിക്കാന്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ (ഐഎസ് ഐഎസ്) എത്തുമെന്ന
ജയിലിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ യാസീന്‍ ഭട്കലിന്‍റെ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്ന് ഭട്കലിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. ഹൈദരാബാദ് ജയിലിനകത്ത് നിന്നും യാസിന്‍ ഭട്കല്‍ ഭാര്യ സാഹിദയോട് ഫോണില്‍ സംസാരിച്ചത് കഴിഞ്ഞ ദിവസം സുരക്ഷ ഏജന്‍സികള്‍ പിടിച്ചെടുത്തതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
അഞ്ചു മിനിട്ടാണ് ഭട്കൽ ഭാര്യയോട് സംസാരിച്ചത്. ഐഎസിന്റെ ശക്തി കേന്ദ്രമായ സിറിയയിലെ ദമാസ്‌കസില്‍ നിന്നെത്തുന്നവര്‍ തന്നെ ജയിലിന്റെ പുറത്തെത്തിക്കുമെന്നാണ് ഭട്കല്‍ അഞ്ച് മിനുറ്റ് നീണ്ട സംഭാഷണത്തില്‍ ഭാര്യയോട് പറയുന്നത്. ഈ സാഹചര്യത്തില്‍ ഭട്കലിനെ പാര്‍പ്പിച്ചിരിക്കുന്ന ജയിലിന്‍റെ സുരക്ഷ പൊലീസ് വര്‍ദ്ധിപ്പിച്ചു. ഇതേതുടർന്ന് ഭട്കലിനെ കൂടുതൽ സുരക്ഷയുള്ള സ്ഥലത്തേക്ക് മാറ്റുന്നത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഉന്നത പൊലീസ് സംഘം ആലോചിച്ചു തുടങ്ങി.
ഭട്കലിനെ മറ്റ് ജയിലുകളിലേക്ക് മാറ്റേണ്ടതുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം ജയിലിനകത്ത് യാസിന്‍ ഭട്കലിന് എങ്ങനെ ഫോണ്‍ ലഭിച്ചുവെന്നതിനെ കുറിച്ച് ദില്ലി പൊലീസ് അന്വേഷണം തുടങ്ങുകയും ചെയ്‌തു. സഹീദയുമായുള്ള സംസാരത്തിലൂടെയാണ് ഭട്കലിന്റെ നേപ്പാളിലെ താമസസ്ഥലം ഏജൻസികൾ കണ്ടെത്തിയതും അറസ്റ്റു ചെയ്തതും. മാത്രമല്ല, 2013ലെ ഈദിന് ഹവാല വഴി ഒരു ലക്ഷം രൂപ സമ്മാനമായി സഹീദയ്ക്ക് അയാൾ നൽകുകയും ചെയ്തു.
ഇതിനൊപ്പമാണ് മൊബൈൽ ഫോണും നൽകിയത്. ഭട്കലിന്റെ അടുത്ത അനുയായിയായ മോനു എന്ന തെഹ്സിൻ അക്തർ വഴിയാണ് ഡൽഹിയിലുള്ള സഹീദയ്ക്ക് ഫോണും പണവും എത്തിച്ചത്. ഈ ഫോണിലൂടെയുള്ള ഭട്കലിന്റെ സംസാരമാണ് അന്വേഷണ ഏജൻസികളെ സഹായിച്ചത്. ശേഷിക്കുന്ന ജീവിതകാലം താൻ സഹീദയ്ക്കൊപ്പം ഉണ്ടാവുമെന്നും ഭാര്യയ്ക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവില്ലെന്നും ഭട്കൽ ഉറപ്പ് നൽകിയിട്ടുണ്ട്.