യാക്കൂബ് മേമനെ അനുകൂലിക്കുന്നവര്‍ രാജ്യദ്രോഹികളെന്ന് ശിവസേന

Webdunia
വെള്ളി, 31 ജൂലൈ 2015 (12:30 IST)
യാക്കൂബ് മേമനെ തൂക്കിലേറ്റിയതിനെതിരെ സംസാരിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന് ശിവസേന. പാർട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് സേന ഇക്കാര്യം വ്യക്തമാക്കിയത്. മേമനോട് കരുണ കാണിക്കണമെന്ന് ആവശ്യപ്പെട്ട് അൻപതോളം പേർ കത്തെഴുതിയിരുന്നു. ഇവർക്ക് ആർക്കും മുംബയ് ആക്രമണത്തിൽ ആരെയും നഷ്ടപ്പെട്ടിട്ടില്ല. അതിനാലാണ് ദാക്ഷിണ്യത്തിന് വേണ്ടി അപേക്ഷിച്ചത്.

എന്നാൽ രാജ്യത്തിന്റെ വികാരത്തിന് പ്രാധാന്യം നൽകിയ രാഷ്ട്രപതിയും സുപ്രീം കോടതിയും അവരുടെ വാക്കുകൾ ചെവിക്കൊള്ളാതെ തള്ളിക്കളഞ്ഞതായും സാമ്ന പറയുന്നു. മേമനെ തൂക്കിലേറ്റി, ഇനി അയാളെ ജനങ്ങളുടെ മുന്നിൽ നിരപരാധിയോ രക്തസാക്ഷിയോ ആക്കാൻ അനുവദിക്കരുത്. ഇതിനു വേണ്ട കർശനമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കണമെന്ന് സേന വ്യക്തമാക്കി.

മേമനോട് ദയ കാണിക്കണമെന്ന് ആവശ്യപ്പെട്ടവരെല്ലാം രാജ്യത്തിന്റെ ശത്രുക്കളാണ്. മേമൻ ഉൾപ്പെട്ട സ്ഫോടനക്കേസിലെ എല്ലാ ഗൂഢാലോചനക്കാരേയും സൂത്രധാരന്മാരായ ടൈഗർ മേമൻ, ദാവൂദ് ഇബ്രാഹീം എന്നിവരേയും രാജ്യത്തെത്തിച്ച് ശിക്ഷ നടപ്പിലാക്കിയാലേ 1993 ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ആത്മാവിന് ശാന്തിയുണ്ടാകൂ എന്ന് ശിവസേന പറഞ്ഞു.