പീഡനത്തിനിരയായ യുവതിയെ കാണാനെത്തിയപ്പോള്‍ വനിത കമ്മീഷന്‍ അംഗത്തിന്റെ വക സെല്‍ഫി; സംഭവത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിശദീകരണം ആവശ്യപ്പെട്ടു

Webdunia
വ്യാഴം, 30 ജൂണ്‍ 2016 (12:45 IST)
ബലാത്സംഗത്തിനിരയായ യുവതിയെ സന്ദര്‍ശിക്കാനെത്തിയ വനിത കമ്മീഷന്‍ അംഗം അവരോടൊപ്പം സെല്‍ഫിയെടുക്കാനും മറന്നില്ല. പക്ഷേ, കമ്മീഷന്‍ അംഗത്തിന്റെ സെല്‍ഫി ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. സംഭവത്തില്‍ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സുമന്‍ ശര്‍മ്മ വിശദീകരണം ആവശ്യപ്പെട്ടു.
 
വടക്കന്‍ ജയ്‌പൂരിലെ വനിത പൊലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സ്ത്രീധനം കൊടുക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. കൂടാതെ, യുവതിയുടെ കൈയിലും ശരീരത്തിലും പച്ച കുത്തുകയും ചെയ്തിരുന്നു. സംഭവം കഴിഞ്ഞദിവസങ്ങളില്‍ വന്‍ വാര്‍ത്തയായ പശ്ചാത്തലത്തില്‍ യുവതിയെ കാണാനെത്തിയതായിരുന്നു വനിത കമ്മീഷന്‍ അംഗങ്ങള്‍.
 
കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സുമന്‍ ശര്‍മ്മ യുവതിയുമായി സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ ആയിരുന്നു അംഗത്തിന്റെ സെല്‍ഫി. കമ്മീഷന്‍ അംഗം സെല്‍ഫി എടുക്കുന്ന പടം മറ്റൊരാള്‍ പകര്‍ത്തി വാട്‌സാപ്പില്‍ പ്രചരിപ്പിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.
 
കമ്മീഷന്‍ അംഗം സെല്‍ഫിയെടുക്കുന്ന സമയത്ത് താന്‍ യുവതിയോട് സംസാരിക്കുകയായിരുന്നെന്നും അതുകൊണ്ടു തന്നെ സെല്‍ഫിയെടുത്ത കാര്യം തനിക്ക് അറിയില്ലെന്നുമാണ് കമ്മീഷന്‍ ചെയര്‍മാന്റെ നിലപാട്. ഇത്തരം പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുന്നയാളല്ല താനെന്നും അവര്‍  വ്യക്തമാക്കി.
Next Article