ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്‌തു, ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

Webdunia
ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (14:32 IST)
കുടുംബത്തിനോടപ്പമുള്ള വിനോദയാത്രക്കിടയിൽ ഭാര്യ ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്‌തതിൽ പ്രകോപിതനായ യുവാവ് ഭാര്യയെ കുത്തിക്കൊന്നു.ബെംഗളുരുവിലെ അന്നപൂർണേശ്വരി നഗറിൽ ബുധനാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. സംഭവത്തിൽ ബിആർ കന്തരാജു(40)വിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
രൂപ(32) ആണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന അന്നപൂർണേശ്വരിനഗറിലെ വീട്ടിലാണ് രക്തത്തിൽ കുളിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.പ്രതിയിൽ നിന്നും സ്ക്രൂഡ്രൈവർ, കത്തി, രണ്ട് മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും പൊലീസ് പിടിച്ചെടുത്തു. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളോടെയാണ് വീട്ടിൽ നിന്നും രൂപയുടെ മൃതദേഹം കണ്ടെടുത്തത്. കന്തരാജുവിനും രൂപയ്ക്കും ഏഴ് വയസ്സുള്ള ഒരു മകനുമുണ്ട്. രൂപയുടെ സഹോദരി ലത എച്ച്ജി അന്നപൂർണേശ്വരിനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്തരാജുവിനെ അറസ്റ്റ് ചെയ്തത്.
 
സംശയത്തെ തുടർന്ന് കന്തരാജു തന്നെ ഭാര്യയെ കൊലപ്പെടുത്തിയതായാണ്സ് സഹോദരിയുടെ പരാതിയിലുള്ളത്.ഇൻസ്പെക്ടർ ബിഎൻ ലോഹിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഒളിവിൽ പോയ കന്തരാജുവിനെ പിടികൂടിയത്. കുടുംബത്തിലെ രണ്ട് പുരുഷന്മാരുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. വിനോദയാത്രക്കിടെ ഭാര്യ ഈ പുരുഷന്മാർക്കൊപ്പം നൃത്തം ചെയ്യുന്നത് കണ്ടതാണ് കന്തരാജുവിനെ പ്രകോപിപ്പിച്ചത്. 
 
സെപ്‌റ്റംബർ 19ന് ചിക്കമംഗലുരുവിലും പരിസര പ്രദേശങ്ങളിലുമായിരുന്നു പതിനാല് അംഗ കുടുംബത്തിനൊപ്പം രൂപയും കന്തരാജുവും വിനോദയാത്ര പോയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article