അടുത്ത പത്തു വര്‍ഷം കൊണ്ട് ഇന്ത്യയെ പൂര്‍ണ്ണ ഹിന്ദുരാഷ്‌ട്രമാക്കി മാറ്റുമെന്ന് വിഎച്ച്‌പി നേതാവ് പ്രവീണ്‍ തൊഗാഡിയ പ്രഖ്യാപിച്ചു. ബംഗാള്‍ - ഝാര്‍ഖണ്ഡ് അതിര്‍ത്തിയായ ബിര്‍ബൂമില്‍ നടന്ന രണ്ടാം വിരാട് ഹിന്ദു സമ്മേളനത്തിലാണ് തൊഗാഡിയ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടത്തിയത്. പത്തുവര്‍ഷം കൊണ്ട് 50 ലക്ഷം പേരെ മതം മാറ്റുമെന്നും അങ്ങനെ ഇന്ത്യയെ സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമാക്കുമെന്നുമാണ് തൊഗാഡിയ പറഞ്ഞിരിക്കുന്നത്.
മത പരിവര്‍ത്തനം ഇല്ലെങ്കില്‍ ഇവിടെ ഷാരൂഖ് ഖാനെന്നോ സല്‍മാന്‍ ഖാനെന്നോ ഇമാം ബുഖാരിയെന്നോ ഒരിക്കലും കേള്‍ക്കില്ലെന്നും മതപരിവര്‍ത്തനമില്ലെങ്കില്‍ ഘര്‍ വാപസിയും ഇല്ലെന്നും തൊഗാഡിയ പറഞ്ഞു. അതേസമയം രാജ്യത്തെ മോസ്‌ക്കുകളിലും പള്ളികളിലും മദ്രസകളിലും ഭാരത് മാതാ കീ ജയ് മുദ്രാവാക്യം നിര്‍ബ്ബന്ധിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് വിഎച്ച്‌പി ജനറല്‍ സെക്രട്ടറി ജുഗല്‍ കിഷോര്‍ വ്യക്‌തമാക്കി.
ഭീകരതയുടെ വേരുകളാണ് മതപരിവര്‍ത്തനം. ഘര്‍ വാപസിയിലൂടെയെ അത് അവസാനിപ്പിക്കാന്‍ കഴിയു. ഘര്‍ വാപസിയെ ഒരു തെറ്റായി കാണാനാകില്ല. ജനങ്ങളെ അവരുടെ യഥാര്‍ത്ഥ മതത്തിലേക്ക് തിരികെ കൊണ്ടുവരിക മാത്രമാണ് അത് ചെയ്യുന്നത് അതുകൊണ്ട് ഘര്‍ വാപസി ഒരു സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി ക്രിസ്‌ത്യാനികളും മുസ്‌ളീങ്ങളുമായി 50 ലധികം പേരെ ഘര്‍വാപസിയിലൂടെ ഹിന്ദുക്കളുമാക്കിയിട്ടുണ്ട്. പട്ടിക വിഭാഗക്കാരായ 15 കുടുംബങ്ങളില്‍ നിന്നുള്ള 45 ക്രിസ്‌ത്യാനികളും രണ്ടു മുസ്‌ളീം കുടുംബങ്ങളുമാണ് ഹിന്ദുക്കളായത്. 'ശുദ്ധി ഹവാന്‍' എന്നായിരുന്നു പരിപാടിക്ക് വി എച്ച് പി ഇട്ടിരുന്ന പേര്.
ക്രിസ്‌ത്യന്‍ മിഷണറിമാര്‍ വ്യാപക മതപരിവര്‍ത്തനം നടത്തിയ പ്രദേശങ്ങളിലായിരുന്നു വിഎച്ച്‌പിയുടെ ഘര്‍ വാപസി. തിരികെ ഹിന്ദുമതത്തിലെത്തിയ പട്ടിക വിഭാഗക്കാര്‍ക്കായി ഇവിടെ ക്ഷേത്രങ്ങള്‍, ഗോശാല, റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ എന്നിവ പണിയാനൊരുങ്ങുകയാണ് വിഎച്ച്‌പി. കഴിഞ്ഞ വര്‍ഷം ഇവിടെ നടന്ന കൂട്ട സ്‌നാനത്തില്‍ 1000 പേരാണ് ക്രിസ്തുമതം സ്വീകരിച്ചത്.