മോദിയുടെ പ്രസ്‌താവനയില്‍ ആരും മാപ്പു പറയില്ല: വെങ്കയ്യ നായിഡു

Webdunia
ബുധന്‍, 20 ഡിസം‌ബര്‍ 2017 (19:00 IST)
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തില്‍ ആരും മാപ്പു പറയില്ലെന്ന് രാജ്യസഭാ അധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

മോദിയുടെ പരാമർശത്തിനെതിരെ രാജ്യസഭയിൽ ബഹളംവച്ച പ്രതിപക്ഷാംഗങ്ങളോടാണ് ‘ആരും മാപ്പു പറയാൻ പോകുന്നില്ലെന്ന്’ രോഷാകുലനായി വെങ്കയ്യ നായിഡു വ്യക്തമാക്കിയത്.

പാർലമെന്റിൽ പ്രതിഷേധിക്കേണ്ട രീതി ഇതല്ല. മോദിയുടെ പരാമർശത്തില്‍ ആരും മാപ്പുപറയാന്‍ പോവുന്നില്ല, ഇവിടെ ഒന്നും സംഭവിക്കില്ല, ഇനി ഇതുമായി ബന്ധപ്പെട്ട് സഭയില്‍ ഒരു പ്രസ്താവനയും നടത്തേണ്ട. ഈ പറഞ്ഞ പ്രസ്താവന പ്രധാനമന്ത്രി നടത്തിയത് ഇവിടെവച്ചല്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

സഭ തുടങ്ങിയ ശേഷം പ്രതിപക്ഷ ബഹളത്താല്‍ ശൂന്യവേള രണ്ട് തവണ തടസ്സപ്പെട്ടിരുന്നു. പ്ലക്കാര്‍ഡും മുദ്രാവാക്യവും ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ കക്ഷികളുടെ ബഹളം.  പ്രശ്നത്തില്‍ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയും പ്രതിഷേധിച്ചിരുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കുടിക്കാഴ്ച നടത്തിയെന്ന പരാമര്‍ശം ഉന്നയിച്ചത്. ഇതിനെതിരെ പ്രതിപക്ഷം പ്രതികരിച്ചുവെങ്കിലും മോദി മൌനം പാലിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article