ശശികല രാഷ്‌ട്രീയം ഉപേക്ഷിച്ചു, അണ്ണാ ഡിഎംകെ സര്‍ക്കാര്‍ തിരികെ വരാന്‍ ശ്രമിക്കണമെന്ന് അണികളോട് അഭ്യര്‍ത്ഥന

സുബിന്‍ ജോഷി
ബുധന്‍, 3 മാര്‍ച്ച് 2021 (22:41 IST)
ജയലളിതയുടെ തോഴിയും അണ്ണാ ഡി എം കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ വി കെ ശശികല രാഷ്‌ട്രീയം ഉപേക്ഷിച്ചു. അണ്ണാ ഡി എം കെ സര്‍ക്കാരിനെ തിരികെ കൊണ്ടുവരാനായി ശ്രമിക്കണമെന്ന് അവര്‍ അണികളോട് അഭ്യര്‍ത്ഥിച്ചു. 
 
നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് തമിഴക രാഷ്ട്രീയത്തെ ഞെട്ടിച്ചുകൊണ്ട് ശശികലയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ ഡി എം കെയെ തറപറ്റിക്കണമെന്ന് ശശികല അഭ്യര്‍ത്ഥിക്കുന്നു.
 
താന്‍ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്നും രാഷ്ട്രീയവും പൊതുപ്രവര്‍ത്തനവുമെല്ലാം അവസാനിപ്പിക്കുകയാണെന്നും ശശികല വ്യക്‍തമാക്കി. ജയലളിതയുടെ പാര്‍ട്ടി ജയിച്ച് ആ പാരമ്പര്യം തുടരണമെന്ന് ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു.
 
ശശികലയുടെ ഈ പിന്‍‌മാറ്റത്തിന് പിന്നിലെ കാരണം അജ്‌ഞാതമാണ്. അവര്‍ ജയില്‍ മോചിതയാകുന്നതിന് തൊട്ടുമുമ്പ് അവരുടെ നൂറുകണക്കിന് കോടി രൂപയുടെ സമ്പത്ത് സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയയുടന്‍, താന്‍ രാഷ്ട്രീയത്തില്‍ സജീവമാകും എന്നായിരുന്നു അവര്‍ പ്രതികരിച്ചത്. എന്നാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള ഇപ്പോഴത്തെ തീരുമാനം അനവധി അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article