രജനികാന്ത് രാഷ്‌ട്രീയത്തിലേക്കില്ലെന്ന് സൂചന, ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് വിശദീകരണം

ലില്ലി ഡേവിസ്

വ്യാഴം, 29 ഒക്‌ടോബര്‍ 2020 (15:48 IST)
നടന്‍ രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി രജനി പിന്‍‌മാറുകയാണെന്നാണ് സൂചന. 
 
താന്‍ രാഷ്ട്രീയപ്രവേശന തീരുമാനത്തില്‍ നിന്ന് പിന്‍‌മാറുകയാണെന്ന് വ്യക്‍തമാക്കുന്ന രജനിയുടെ പേരിലുള്ള ഒരു കത്ത് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ കത്ത് താന്‍ എഴുതിയതല്ലെന്നും എന്നാല്‍, ആ കത്തില്‍ പറയുന്ന ആരോഗ്യപ്രശ്നങ്ങളേക്കുറിച്ചുള്ള കാര്യം സത്യമാണെന്നും രജനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.
 
നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് രജനികാന്ത് വിധേയനായിരുന്നു. ഈ കൊവിഡ് കാലത്ത് രാഷ്ട്രീയപ്രവേശനം നടത്തുന്നത് ആരോഗ്യപരമായി നല്ലതായിരിക്കില്ലെന്നാണ് ഡോക്‍ടര്‍മാര്‍ രജനിക്ക് നല്‍കിയ നിര്‍ദ്ദേശമെന്നാണ് അറിയുന്നത്.
 
രാഷ്ട്രീയത്തിലിറങ്ങിയ ശേഷം ഇടയ്ക്ക് വച്ച് ആരോഗ്യം മോശമായാല്‍ അത് കൂടുതല്‍ പേര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് മനസിലാക്കി രജനി പിന്‍‌മാറുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍