പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉത്തരാഖണ്ഡ് നിയമസഭയില്‍ ഇന്ന് വിശ്വാസവോട്ട് തേടും. അതേസമയം, പുറത്താക്കപ്പെട്ട ഒമ്പത് എം എല്‍ എമാര്‍ക്ക് വോട്ടു ചെയ്യാനാവില്ല. അയോഗ്യരാക്കപ്പെട്ട എം എല്‍ എമാര്‍ തിങ്കളാഴ്ച ഉത്തരാഖണ്ഡ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും ഹൈക്കോടതി ഹര്‍ജി തള്ളിയിരുന്നു.
കൂറുമാറിയ എം എല്‍ എമാര്‍ അയോഗ്യരാക്കപ്പെട്ട സംഭവത്തില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തു. സുപ്രീംകോടതിയുടെ ഈ ഇടപെടലോടെ ഹരീഷ് റാവത്തിന് വിജയപ്രതീക്ഷ കൈവന്നിട്ടുണ്ട്.
ഒമ്പതു പേര്‍ അയോഗ്യരാക്കപ്പെട്ടതോടെ ഇപ്പോള്‍ നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 61 ആണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ എം എല്‍ എ ആര്‍ വി ഗാര്‍ഡ്‌നറെയും കൂടി ഉള്‍പ്പെടുത്തുമ്പോള്‍ 62 ആകും. കോണ്‍ഗ്രസിന് ഇപ്പോള്‍ 27 അംഗങ്ങളാണ് ഉള്ളത്. ആറ് പി ഡി എഫ് എം എല്‍ എമാരുടെ പിന്തുണയും അവകാശപ്പെടുന്നു. കേവലഭൂരിപക്ഷത്തിന് 31 എം എല്‍ എമാര്‍ മതി. പി ഡി എഫ് പിന്തുണ ലഭിക്കുന്നതോടെ ഹരീഷ് റാവത്ത് സര്‍ക്കാരിന് 33 എം എല്‍ എമാരുടെ പിന്തുണയാകും.