കനത്ത മഴയിൽ ഉത്തർപ്രദേശ് വെള്ളത്തിനടിയിൽ; ഗംഗ നദി കരകവിഞ്ഞൊഴുകി, ജനങ്ങൾ ദുരിതത്തിൽ, മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തെരുവിൽ

Webdunia
ശനി, 20 ഓഗസ്റ്റ് 2016 (14:32 IST)
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് ഉത്തർപ്രദേശ് വെള്ളത്തിനടിയിൽ. മഴ തുടരുന്നതിനാൽ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. കനത്തമഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം 20 ഓളം പേരെയാണ് കാണാതായിരിക്കുന്നത്. രണ്ട് പേർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 
 
ഗംഗാ നദിയും കെൻ നദിയും കരകവിഞ്ഞൊഴുകിയതാണ് നഗരം വെള്ളത്തിനടിയിലാകാൻ കാരണം. മഴ ഇതേ ശക്തിയിൽ തുടരുകയാണെങ്കിൽ നാശനഷ്ടങ്ങൾ വർധിക്കുമെന്നാണ് റിപ്പോർട്ട്. കിഴക്കൻ ഉത്തർപ്രദേശിനെയാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശത്ത് തമസിക്കുന്നവരെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനങ്ങൾ മൃതസംസ്കാരത്തിനായി എത്തുന്ന ഹരിശ്ചന്ദ്ര ഘട്ട് വെള്ളത്തിനടിയിലാണ്. അതിനാൽ മൃതദേഹങ്ങൾ താൽക്കാലികമായി ഇടുങ്ങിയ തെരുവുകളിലാണ് ദഹിപ്പിക്കുന്നത്.
 
ഗംഗ നദി അപകട മേഖല കവിഞ്ഞു ഒഴുകുകയാണെന്നത് ആശങ്ക പരത്തുകയാണ്. സോന്‍ബദ്ര ജില്ലയില്‍ സ്ഥിതി ചെയുന്ന റിഹാന്‍ദ് അണക്കെട്ട് വെള്ളിയാഴ്ച തുറന്നതിനാല്‍ സമീപ ഗ്രാമങ്ങളും വെള്ളത്തിനടിയിലായിരിക്കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടത്തി വരികയാണെന്നും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ തയ്യാറാണെന്നും ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് വ്യക്തമാക്കി.
Next Article