52 അധ്യാപകരുടെ രഹസ്യദൃശ്യങ്ങള്‍ സ്‌കൂള്‍ ടോയ്‌ലറ്റില്‍ ക്യാമറ വച്ച് ചിത്രീകരിച്ചു; ശമ്പളം ചോദിക്കുമ്പോള്‍ ദൃശ്യങ്ങള്‍ കാണിച്ച് ബ്ലാക്ക് മെയിലിംഗ് !

ജോര്‍ജി സാം
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (14:08 IST)
സ്വകാര്യ സ്കൂളിലെ ടോയ്‌ലറ്റില്‍ ക്യാമറ വച്ച് അധ്യാപകരുടെ രഹസ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ആരോപണം. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് മാനേജുമെന്‍റ്, ശമ്പളം നല്‍കാതെ ബ്ലാക്ക് മെയില്‍ ചെയ്‌ത് ജോലി ചെയ്യിക്കുകയാണെന്ന് ആരോപിച്ച് 52 അദ്ധ്യാപകർ കൂട്ടായി പൊലീസിന് പരാതി നൽകി. യുപിയിലെ മീററ്റിലാണ് സംഭവം.
 
വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് അധ്യാപകരെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നാണ് പരാതി. നിരവധി മാസങ്ങളായി തങ്ങള്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും അധ്യാപകര്‍ ആരോപിക്കുന്നു. ശമ്പളം നൽകാൻ ആവശ്യപ്പെടുമ്പോഴെല്ലാം സ്‌കൂളിന്റെ മാനേജ്‌മെന്റ് കമ്മിറ്റി സെക്രട്ടറി ഫോട്ടോകളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തുകയാണെന്ന് അധ്യാപകർ പരാതിയിൽ പറയുന്നു.
 
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്രട്ടറിക്കും മകനുമെതിരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എന്നാല്‍ വനിതാ അധ്യാപകരുടെ വാഷ് റൂമുകളില്‍ ക്യാമറ വച്ചിട്ടില്ലെന്നും പുരുഷ അധ്യാപകരുടെ വാഷ് റൂമുകളില്‍ മാത്രമാണ് വച്ചിട്ടുള്ളതെന്നും സെക്രട്ടറി വ്യക്‍തമാക്കി. നിരവധി മാസങ്ങളായി അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്നും അയാള്‍ പറഞ്ഞു. 
 
നേരത്തേ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലെ മുടിവെട്ടണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി വിവാദം സൃഷ്ടിച്ച സ്കൂളാണ് ഇത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article