എതിര്‍പ്പുകളെ അതിജീവിച്ച് മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കി

Webdunia
ചൊവ്വ, 30 ജൂലൈ 2019 (19:37 IST)
എതിര്‍പ്പിനേയും വിവാദങ്ങളേയും അതിജീവിച്ച് മുത്തലാഖ് നിരോധന ബില്‍ രാജ്യസഭ പാസാക്കി. 84 നെതിരെ 99 വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസായത്. 121 വേണ്ടിടത്ത് 92 ആയി ഭൂരിപക്ഷം കുറച്ചുകൊണ്ടുവന്നതിനെ തുടര്‍ന്നാണ് ബില്‍ പാസാക്കിയത്.

മുത്തലാഖ് ഓർഡിനൻസിനു പകരമുള്ള നിയമമാണു രാജ്യസഭ അംഗീകരിച്ചത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്നതാണു നിയമം. ജെഡിയു, എഐഎഡിഎംകെ എന്നീ കക്ഷികൾ വിട്ടുനിന്നു. രാഷ്ട്രപതി ഒപ്പു വയ്‌ക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.

ബില്‍ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണത്തിനായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നത് അടക്കമുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങള്‍ സഭ വോട്ടിനിട്ട് തള്ളി. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. നേരത്തെ 78നെതിരെ 302വോട്ടുകള്‍ക്ക് ലോക്‌സഭയില്‍ ബില്‍ പാസായിരുന്നു.

എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയു, എഐഎഡിഎംകെ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബില്ലിനെ എതിര്‍ക്കുന്നതായി സഭയില്‍നിന്ന് ഇറങ്ങിപ്പോകുന്നതിനു മുമ്പായി ജെഡിയു എംപി ബസിഷ്ട നരെയ്ന്‍ സിങ് പറഞ്ഞു. ടിആർഎസ്, ടിഡിപി കക്ഷികളും വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു.

മുസ്ലീം പുരുഷന് ഭാര്യയെ മൂന്ന് തവണ തലാഖ് ചൊല്ലി മൊഴി ചൊല്ലുന്ന ആചാരമാണ് മുത്തലാഖ്. ബില്‍ നിയമമായി മാറുന്നതോടെ മുത്തലാഖ് വഴിയുള്ള വിവാഹമോചനം മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടുന്ന കുറ്റകൃത്യമായി മാറും.

അനുബന്ധ വാര്‍ത്തകള്‍

Next Article