മദ്രസകൾ പൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം സ്റ്റേ ചെയ്ത് സുപ്രീം കോടതി

അഭിറാം മനോഹർ
തിങ്കള്‍, 21 ഒക്‌ടോബര്‍ 2024 (14:54 IST)
വിദ്യഭ്യാസ അവകാശ നിയമം നടപ്പാക്കാത്ത രാജ്യത്തെ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശ സുപ്രീം കോടതി സ്റ്റേ ചെയ്തു. ബാലാവകാശ കമ്മീഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കരുതെന്ന് സർക്കാരുകളോട് സുപ്രീം കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
 
ജംഇയ്യത്ത് ഉലമ എ ഹിന്ദ് എന്ന സംഘടനയാണ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിച്ചത്. മതവിഭാഗങ്ങൾക്ക് സ്ഥാപനങ്ങൾ നടത്തുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും ഭരണഘടന നൽകുന്ന ഉറപ്പിൻ്റെ ലംഘനമാണ് ബാലാവകാശ കമ്മീഷൻ നടപടിയെന്ന് ജംഇയ്യത്ത് ഉലമ എ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിര ജയ്സിംഗ് സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
 
മദ്രസകൾക്ക് സർക്കാർ ധനസഹായം നൽകുന്നത് നിർത്തണമെന്ന് ബാലാവകാശ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് നിർദേശിച്ചത്. മദ്രസകളിലെ വിദ്യഭ്യാസ രീതി കുട്ടികളുടെ ഭരണഘടനാവകാശങ്ങൾ ലംഘിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശകമ്മീഷൻ്റെ നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനത്തെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് എൻസിപിസിആർ കത്തയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article