റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

അഭിറാം മനോഹർ
ബുധന്‍, 28 ഫെബ്രുവരി 2024 (20:00 IST)
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് വന്‍ കുതിപ്പ് നല്‍കുന്ന പുതിയ ബഹിരാകാശ നിലയത്തിന്റെ ആദ്യഘട്ടം 2028ല്‍ വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്. രൂപകല്‍പ്പന അവസാനഘട്ടത്തിലാണെന്നും 2035ല്‍ ബഹിരാകാശ നിലയം പൂര്‍ത്തിയാക്കുമെന്നും സോമനാഥ് പറയുന്നു. ബഹിരാകാശനിലയത്തിന്റെ ആദ്യഘട്ടം വിക്ഷേപിച്ചുകഴിഞ്ഞാല്‍ തന്നെ മനുഷ്യരെ അവിടെ എത്തിക്കാനാകും. ബഹിരാകാശനിലയത്തിന്റെ ഹാര്‍ഡ്‌വെയര്‍ വിഎസ്എസ്സിയിലും ഇലക്ട്രോണിക്‌സ് ബെംഗളുരുവിലെ യുആര്‍എസ്സിയിലുമാകും തയ്യാറാക്കുക.
 
ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി വ്യോമമിത്ര എന്ന റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്നതാകും ആദ്യ ദൗത്യം. ജി1 ദൗത്യം ജൂലയിലാകും നടക്കുക. ആളില്ലാതെ ക്രൂ മോഡ്യൂള്‍ വിക്ഷേപിക്കുന്ന ജി 2 ഈ വര്‍ഷം അവസാനവും ജി3 ഘട്ടം അടുത്ത വര്‍ഷം പകുതിയോടെയും പൂര്‍ത്തിയാക്കും. അതിന് ശേഷമാകും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം (എച്ച് 1) നടക്കുക.
 
ക്ര്യൂ മൊഡ്യൂളില്‍ 3 പേര്‍ക്ക് വരെ കയറാമെങ്കിലും ആദ്യ ദൗത്യത്തില്‍ ഒരാളെ മാത്രമാകും തിരെഞ്ഞെടുക്കുക. ഭ്രമണപഥത്തില്‍ ഒരു ദിവസം സഞ്ചരിച്ച് തിരിച്ച് ഭൂമിയില്‍ എത്തിക്കും. ഡിസൈന്‍ പ്രകാരം 3 ദിവസം വരെ ഭ്രമണപഥത്തില്‍ തുടരാനാകുമെങ്കിലും ആദ്യഘട്ടത്തില്‍ അത്രയും സമയെമെടുക്കില്ല. ബഹിരാകാശത്തേക്ക് മനുഷ്യരെ സുരക്ഷിതമായി എത്തിക്കാനും തിരികെ കൊണ്ടുവരാനും കഴിയും എന്ന് തെളിയിക്കുക മാത്രമാണ് ദൗത്യത്തിന്റെ ലക്ഷ്യമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വിവരങ്ങള്‍ വ്യക്തമാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article