സര്‍വ്വകലാശാലകള്‍ക്കെലല്ലാം ഇനി ഏകീകൃത സിലബസ്, സ്മൃതി ഇറാനി അടുത്ത പണി തുടങ്ങി

Webdunia
തിങ്കള്‍, 11 മെയ് 2015 (15:09 IST)
കടുത്ത എതിര്‍പ്പുകള്‍ നിലനില്‍ക്കുമ്പോളും കഴിഞ്ഞ എന്‍‌ഡി‌എ സര്‍ക്കാരിന്റെ വിദ്യാഭ്യാസ നീക്കമായ സര്‍വ്വകലാശാലകളുടെ ഏകീകൃത സിലബസ് എന്ന പദ്ധതിയുമായി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളിലെല്ലാം ഒരേപോലത്തെ സിലബസ് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയിരിക്കുന്നത്. മാനവ വിഭവ ശേഷി മന്ത്രി സ്മൃതി ഇറാനിയാണ് വാജ്പേയി സര്‍ക്കാരിന്റെ പദ്ധതി പൊടിതട്ടിയെടുത്തിരിക്കുന്നത്.

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഏകീകൃത സിലബസ് നിലവില്‍ വരാനാണ് സാധ്യത. ബിരുദം, ബിരുദാനന്തരബിരുദം, ഗവേഷണ ബിരുദം തുടങ്ങി എല്ലാത്തിനും ഇത് ബാധകമായിരിക്കും. രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളായ ജവഹര്‍ലാലല്‍ നെഹ്‌റു സര്‍വ്വലകലാശാല, അലിഗഢ് മുസ്ലീം സര്‍വ്വകലാശാല, ബനാറസ് ഹിന്ദു സര്‍വ്വകലാശാല തുടങ്ങിയവയിലാകും ആദ്യഘട്ടത്തില്‍ ഇവ നടപ്പിലാകുക. ഭാവിയില്‍ രാജ്യത്തെ മുഴുവന്‍ സര്‍വ്വകലാശാലകളിലും ഇത് വ്യാപിപ്പിക്കുമെന്നാണ് വിവരം.

സര്‍ക്കാര്‍ തീരുമാനം നടപ്പിലാകുന്നതൊടെ സര്‍വ്വകലാശാലകള്‍ക്ക് സിലബസ് നിര്‍ണയിക്കാനുള്ള അവകാശം നഷ്ടമാകും. സ്മൃതി ഇറാനിയുടെ നീക്കത്തിനെതിരെ ഇപ്പോള്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. വിദ്യാഭ്യാസ രംഗത്തെ കാവിവത്കരിയ്ക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കമെന്നാണ് ആക്ഷേപം. സര്‍വ്വകലാശാലകള്‍ക്ക് സിലബസ് തീരുമാനിയ്ക്കാനുള്ള അധികാരം നഷ്ടപ്പെടുമ്പോള്‍ ഇത് സംഭവിയ്ക്കും എന്ന് തന്നെയാണ് വിമര്‍ശകരുടെ ആക്ഷേപം. ശക്തമായ എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സ്മൃതി ഇറാനി ഇക്കാര്യത്തില്‍ പിറകോട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.