അടുത്ത അഞ്ചു കൊല്ലത്തിനുള്ളില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി രാഷ്ട്രപതിയാകുമെന്ന് പ്രവചനം. സ്മൃതി സ്ഥിരമായി ഭാവി അറിയാന്‍ പോകുന്ന ജ്യോതിഷിയായ പണ്ഡിറ്റ് നാഥുലാല്‍ വ്യാസ് ആണ് പ്രവചനം നടത്തിയത്. മാത്രമല്ല സ്മൃതിക്ക് രാഷ്ട്രീയത്തില്‍ അടിക്കടി ഉയര്‍ച്ചയാണ് ജ്യോതിഷി പ്രവചിച്ചിരിക്കുന്നത്.
ജയ്പൂരിര്‍ നിന്ന് 280 കി മീ അകലെ നാഥ്ദ്വാരിലാണ് ഈ ജ്യോതിഷി താമസിക്കുന്നത്. മുന്‍രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്‍റെ ഭാവി കാര്യങ്ങള്‍ നോക്കി പറഞ്ഞ് കൊടുത്തിരുന്നതും ഇയാളായയിരുന്നു. പ്രതിഭയുടെ രാഷ്ട്രീയ ഭാവി ഇദ്ദേഹം പ്രവചിച്ചിരുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.ഭര്‍ത്താവ് സുബിന്‍ ഇറാനിയോടൊപ്പം നാലു മണിക്കൂറാണ് ജ്യോതിഷിയോടൊപ്പം കേന്ദ്ര മന്ത്രി ചെലവഴിച്ചത്.
അതേസമയം തന്‍റെ വ്യക്തിപരമായ കാര്യം ആണിതെന്നും മാധ്യമങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും ചോദ്യങ്ങളോട് അവര്‍ പ്രതികരിച്ചു. അതിനിടെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാല്‍ സ്മൃതി ഇറാനി മുഖ്യമന്ത്രി ആകുമെന്ന പ്രചരണം മാധ്യമങ്ങളില്‍ ശക്തമാണ്.