കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിച്ചു. നാല് കാബിനെറ്റ് മന്ത്രിമാരുള്‍പ്പടെ 21 പേര്‍ സത്യപ്രതിജ്ഞ ചെയ്തു. അതേസമയം മഹാരാഷ്ട്രയിലെ ഭരണ പങ്കാളിത്തം വ്യക്തമാക്കത്തതില്‍ പ്രതിഷേധിച്ച് ശിവ് സേന സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു. ശിവസേന എംപിയായ അനില്‍ ദേശായി ഇന്നു സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പറഞ്ഞിരുന്നു. എന്നാല്‍ അവസാന നിമിഷം ഇദ്ദേഹത്തോട് തിരികെ വരാന്‍ സേന നിര്‍ദ്ദേശിക്കുകയായിരുന്നു.
മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, ബീഹാരില്‍ നിന്നുള്ള ജാട്ട് നേതാവ് ബിരേന്ദര്‍ സിംഗ്, ജെപി നഡ്ഡ, ശിവസേനാ നേതാവ് സുരേഷ് പ്രഭു എന്നിവര്‍ കാബിനെറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. സുരേഷ് പ്രഭുവിനെ തങ്ങളുടെ പ്രതിനിധിയായി കണക്കാക്കേണ്ട എന്നാണ് സേനയുടെ നിലപാട്. പ്രധാന മന്ത്രി മോഡിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് സുരേഷ് പ്രഭു.
തെലങ്കാനയില്‍ നിന്നുള്ള ഏക ബിജെപി എംപി ബന്ദാരു ദത്താത്രേയ, ബീഹാറില്‍ നിന്നുള്ള രാജീവ് പ്രതാപ് റൂഡി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡോക്ടര്‍ മഹേഷ് ശര്‍മ്മ, ബിജെപി വൈസ് പ്രസിഡന്റ് മുക്താര്‍ അബ്ബാസ് നഖ്‌വി, ബീഹാറില്‍ നിന്നുള്ള രാം ക്രിപാല്‍ യാദവ്, ടിഡിപി നേതാവ് ഹരിഭായ് ചൌധരി, രാജസ്ഥാനില്‍ നിന്നുള്ള് സന്‍വാര്‍ ലാല്‍ ജട്ട്, ഗുജറാത്തില്‍ നിന്നുള്ള മോഹന്‍ ഭായി കുണ്ഡാരിയ, ബീഹാറില്‍നിന്നുള്ള ഗിരിരാജ് സിംഗ്, മഹാരാഷ്ട്രയില്‍ നിന്നുള്ള ഹന്‍സ്‌രാജ് അഹിര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രഫ. രാം ചന്ദര്‍ കട്ടാരിയ, ടിഡിപി പ്രതിനിധി വൈഎസ് ചൌധരി, ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയുടെ മകന്‍ ജയന്‍ സിന്‍ഹ, കായിക താരം കേണല്‍ രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്, ബംഗാളില്‍ നിന്നുള്ള ബാബുല്‍ സുപ്രിയോ,ഉത്തര്‍പ്രദേശില്‍ നിന്നുള്ള സ്വാധി നിരഞ്ചന്‍ ജ്യോതി, പഞ്ചാബില്‍ നിന്നുള്ള ദളിത് നേതാവ് വിജയ് സാംപ്ല എന്നിവര്‍ സഹ മന്ത്രിമാരായും സതു പ്രതിജ്ഞ ചെയ്തു.
മന്ത്രിയായി സത്യപ്രതിജ്ഞ മഹാരാഷ്ട്രയിലെ ഭരണപങ്കാളിത്തം സംബന്ധിച്ചു വ്യക്തത ലഭിക്കാതെ കൂടുതല്‍ മന്ത്രിമാരെ വേണ്ട എന്ന കടുംപിടിത്തത്തിലായിരുന്നു ശിവസേന. എന്നാല്‍ ദേശായിക്ക് സഹമന്ത്രി സ്ഥാനം നല്‍കിയതിനാലാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടെന്ന് സേന നിര്‍ദ്ദേശിച്ചതെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ഉപമുഖ്യമന്ത്രി പദമാണ് ശിവസേന ആവശ്യപ്പെടുന്നത്. എന്നാല്‍ വിശ്വാസവോട്ടിനു മുന്‍പ് മന്ത്രിസഭയില്‍ സേനയെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചു തീരുമാനമെടുക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
സത്യപ്രതിജ്ഞ ചെയ്തവരില്‍ പലരും ആദ്യമായാണ് എംപിമാരാകുന്നതും മന്ത്രിയാകുന്നതും എന്ന പ്രത്യേകതയുണ്ട്. അതോടൊപ്പം മന്ത്രിസഭയില്‍ സംസ്ഥാനങ്ങള്‍കുള്ള പങ്കും സഖ്യകക്ഷിയായ ടിഡിപിയുടെ പരാതിയും പരിഹരിക്കുന്ന രീതിയിലായിരുന്നു മന്ത്രിസഭാ പുനഃസംഘടന നടന്നത്. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ പങ്കെടുത്തു.