പ്രണയാഭ്യര്‍ഥന നിഷേധിച്ചു, പത്താം ക്ലാസുകാരിക്കെതിരെ ക്വട്ടേഷന്‍ കൊടുത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥി, 2 പേര്‍ അറസ്റ്റില്‍
പ്രണയാഭ്യര്‍ഥന നിരസിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കെതിരെ ക്വട്ടേഷന്‍ സംഘത്തിന്റെ ഭീഷണി. പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ക്വട്ടേഷന്‍ നല്‍കിയത്. ഫോണിലൂടെ വിദ്യാര്‍ഥിനിയേയും മാതാവിനെയും നിരന്തരം ഭീഷണിപ്പെടുത്തിയതോടെയാണ് തിരുവനന്തപുരം മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിന്‍(30) എന്നിവരെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തത്. ആവശ്യത്തിന് മദ്യവും ആഹാരവുമായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ഥി ക്വട്ടേഷനായി ഇവര്‍ക്ക് ഓഫര്‍ ചെയ്തത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പ്രണയാഭ്യര്‍ഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതം നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ക്വട്ടേഷന്‍ സംഘത്തിന്റെ ഫോണ്‍ കോളുകള്‍. അനുസരിച്ചില്ലെങ്കില്‍ ഉപദ്രവിക്കുമെന്ന് താക്കീതും വന്നതോടെയാണ് വിദ്യാര്‍ഥിനിയുടെ മാതാവ് വെള്ളറട പോലീസില്‍ പരാതിപ്പെട്ടത്.പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് 17 വയസാണ് പ്രായമെന്ന് കണക്കിലെടുത്ത് ജുവൈനല്‍ നിയമപ്രകാരമാണ് കേസെടുത്തത്.പ്രതികള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുകളുള്ളതായി പോലീസ് അറിയിച്ചു.