രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി ഉടൻ തന്നെ ചുമതലയേൽക്കുമെന്ന് റിപ്പോര്‍ട്ട്. കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം ചേരുമെന്നും ഇതു സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുമെന്നാണ് വിവരം. രാജ്യത്ത് കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ സോണിയ ഗാന്ധി അധ്യക്ഷ പദവിയിൽനിന്ന് മാറണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുല്‍ പാര്‍ട്ടിയുടെ നിയന്ത്രണം ഏല്‍ക്കാന്‍ ഒരുങ്ങുന്നത്.
കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘിപ്പിക്കുന്നതിനും നീക്കം നടക്കുന്നുണ്ട്. രാഹുലിനെ എത്രയും പെട്ടെന്ന് പാര്‍ട്ടിയുടെ അധ്യക്ഷനാക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവി രാഹുല്‍ വഹിക്കുന്നുണ്ടെങ്കിലും ഇങ്ങനെ ഇരട്ട അധികാര കേന്ദ്രങ്ങളുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് നേതൃത്വത്തിലെ ചിലരുടെ നിലപാട്.
ദീര്‍ഘകാലമായി രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നുവെങ്കിലും അദ്ദേഹം അതില്‍ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. അതേസമയം, അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി തന്റെ ടീമിനെ സജ്ജമാക്കാനും രാഹുല്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.