വിവാഹ ഘോഷയാത്രയ്‌ക്കിടെ നവവരന്‍ മൊബൈല്‍ ഫോണ്‍ മോഷണത്തിന് പിടിയില്‍. മുംബൈ സ്വദേശിയായ അജയ് സുനില്‍ ദോത്തിയും ഇയാളുടെ സുഹൃത്ത് അല്‍ത്താഫ് മിശ്രയുമാണ് പൊലീസിന്റെ പിടിയിലായത്.
ഫോണ്‍ ബൈക്കിലെത്തിയ സംഘം തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും പിടിയിലായത്. അജയുടെ വിവാഹ ഘോഷയാത്രയ്‌ക്കിടെയാണ് പൊലീസിന്റെ ഇടപെടലുണ്ടായത്. രണ്ടു പേരും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ വഴിയരികിലൂടെ നടന്നു പോകുകയായിരുന്ന യുവതിയുടെ ഫോണ്‍ ബൈക്കിലെത്തിയ അജയും അല്‍ത്താഫും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നുവെങ്കിലും ഇരുവരുടെയും മുഖം സമീപത്തെ സി സി ടി വിയില്‍ കുടുങ്ങിയതാണ് വിനയായത്.
സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മൊബൈല്‍ മോഷ്ടിച്ചത് അജയും അല്‍ത്താഫുമാണെന്ന് പൊലീസിന് വ്യക്തമായി. തുടര്‍ന്ന് വിവാഹ ഘോഷയാത്രയ്ക്കിടെ ഇരുവരെയും അറസ്‌റ്റ് ചെയ്യുകയായിരുന്നു. മോഷ്‌ടിച്ച ഫോണ്‍ വിറ്റതായി ഇവര്‍ പൊലീസിനോട് പറഞ്ഞു.