പ്രതിശ്രുത വധുവരന്മാര്‍ സെല്‍ഫിയെടുത്തു; വധുവിന് വിഷം നല്‍കിയും വരനെ വെടിവച്ചും കൊന്നു - ദുരഭിമാനത്തിന്റെ പേരില്‍ ക്രൂരമായ കൊല

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (12:01 IST)
വിവാഹത്തിനു മുമ്പേ വധുവരന്മാര്‍ കൂടിക്കാഴ്‌ച നടത്തി സെല്‍‌ഫിയെടുത്ത സംഭവം കുടുംബത്തിന് ദുഷ്‌പേരിന് കാരണമായെന്ന് ആരോപിച്ച് യുവാവിനെയും യുവതിയേയും കൊലപ്പെടുത്തി. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം.

വരനെ വെടിവെച്ച് കൊന്ന ശേഷം വധുവിനെ പിതാവും മുത്തച്ഛനും ചേര്‍ന്ന് വിഷം കൊടുത്തു കൊല്ലുകയുമായിരുന്നു. മകളുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് അമ്മ നല്‍കിയ പരാതിയാണ് കൊലപാതക വിവരം പുറത്തറിയാന്‍ കാരണമായത്.

വിവാഹത്തിനു ദിവസങ്ങള്‍ മാത്രം അവശേഷിക്കെ വരനും ബന്ധുവും വീട്ടില്‍ എത്തിയിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് പൊലീസിന് മൊഴി നല്‍കിയതാണ് നിര്‍ണായകമായത്. തുടര്‍ന്ന് പൊലീസ് പിതാവിനെയും മുത്തച്ഛനേയും ചോദ്യം ചോയ്‌തതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.

മകള്‍ ആത്മഹത്യ ചെയ്‌തതാണെന്നായിരുന്നു പിതാവിന്റെ മൊഴി. മൃതദേഹം പോസ്‌റ്റ് മോര്‍ട്ടം ചെയ്യാതെ എന്തിന് മറവ് ചെയ്‌തുവെന്ന ചോദ്യം ശക്തമാക്കിയതോടെയാണ് ഇയാള്‍ കൊല സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വിവാഹത്തിന് മുമ്പ് വരന്‍ വീട്ടില്‍ എത്തിയതും, വീട്ടുകാരുടെ അനിഷ്‌ടം മറികടന്ന് മകളുമൊന്നിച്ച് സെല്‍ഫിയെടുക്കുകയും ചെയ്‌തത് കുടുംബത്തിന് മാനക്കേടായെന്നും തുടര്‍ന്ന് ഇരുവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയാ‍യിരുന്നു എന്നും പെണ്‍കുട്ടിയുടെ പിതാവ് പൊലീസിനോട് വ്യക്തമാക്കി. അതേസമയം, മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.

ഇരട്ടക്കൊലപാതത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article