കഴിഞ്ഞ മൂന്നുദിവസമായി പഞ്ചാബിലെ പത്താന്‍കോടില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇതുവരെ ആറു ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. അതേസമയം, ഭീകരര്‍ക്കെതിരെയുള്ള പോരാട്ടം നാലാം ദിവസം ഇന്നും സൈന്യം തുടരുകയാണ്.
തിങ്കളാഴ്ച പത്താന്‍കോട് ഉള്ള വ്യോമസേനയുടെ ബേസ് ക്യാംപില്‍ തിരച്ചില്‍ നടത്തിയെങ്കിലും പുതുതായി ഭീകരവാദികളെ ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം, 1600 ഏക്കറോളം വരുന്ന ബേസ് ക്യാംപില്‍ ഭീകരവാദികള്‍ ആരും ഇനിയും ഇല്ലെന്ന് ഉറപ്പു വരുത്താനുള്ള ശ്രമത്തിലാണ് സൈന്യം. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിപ്പില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷമേ സൈനിക നടപടികള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിക്കൂവെന്ന് എന്‍ എസ് ജി ഐജി മേജര്‍ ജനറല്‍ ദുഷന്ത് സിംഗ് അറിയിച്ചു.
ഇതിനിടെ, വ്യോമകേന്ദ്രത്തിലെ സൈനികര്‍ താമസിക്കുന്ന ഇരുനിലക്കെട്ടിടങ്ങളില്‍ ഒന്നില്‍ ഒളിച്ച ഭീകരരെ വധിക്കാന്‍ എന്‍ എസ് ജി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ത്തെന്ന് റിപ്പോര്‍ട്ടുണ്ട്.