രാജ്യത്ത് നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഗുരുതരമാണെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ ആയിരുന്നു കോടതി ഇങ്ങനെ നിരീക്ഷിച്ചത്. നോട്ടുമാറല്‍ പരിധി 2000 ആക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു.
എന്തിനാണ് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നത് എന്നായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി എടുക്കണം. ജനങ്ങള്‍ പരിഭ്രാന്തിയിലാണ് എന്നതില്‍ തര്‍ക്കമില്ല. നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഹൈക്കോടതികളില്‍ കേസുകള്‍ പരിഗണിക്കുന്നത് സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.
നോട്ട് അസാധുവാക്കിയതു മൂലം ജനങ്ങള്‍ക്ക് ദുരിതമുണ്ടെന്ന കാര്യം നിഷേധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ല. ദുരിതം ഇങ്ങനെ തുടരുകയാണെങ്കില്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം, രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലേക്കും നോട്ട് എത്തിക്കുന്നതിന് പ്രയാസം നേരിടുന്നതാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതെന്ന് കേന്ദ്രം മറുപടി നല്‍കി. എ ടി എമ്മുകളിലും ക്രമീകരണം വരുത്തേണ്ടതുണ്ട്. 1000, 500 പിൻവലിച്ചെങ്കിലും 100 രൂപയില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് എ ടി എമ്മുകളില്‍ ഒരു അറ മാത്രമാണ് 100 രൂപ നിറക്കാനുള്ളതെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.