ബംഗളൂരു ശാന്തമാകുന്നു; നഗരത്തില്‍ അതീവജാഗ്രതാ നിര്‍ദ്ദേശം; അക്രമസംഭവങ്ങളില്ല; വീടുകളില്‍ തുടരണമെന്ന് നിര്‍ദ്ദേശം

Webdunia
ചൊവ്വ, 13 സെപ്‌റ്റംബര്‍ 2016 (13:58 IST)
കാവേരിനദീജല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ബംഗളൂരു നഗരം ഇന്ന് ശാന്തമാണ്. ഈദ് അവധിയായതിനാല്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങാത്തതിനാല്‍ റോഡില്‍ ട്രാഫിക് നന്നേ കുറവാണ്. സംഘര്‍ഷം കൊടുമ്പിരി കൊണ്ട മൈസൂരു റോഡും ഇന്ന് ശാന്തമാണ്. കാര്യമായ പ്രതിഷേധങ്ങളോ അക്രമങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
പൊതുവേ സംഘര്‍ഷസാധ്യത കുറഞ്ഞിരിക്കുകയാണ്. തിങ്കളാഴ്ച രാത്രിക്കു ശേഷം അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സംഘര്‍ഷസാധ്യത ഇല്ലെന്നും ബംഗളൂരു പൊലീസ് വ്യക്തമാക്കി.
 
അതേസമയം, ​അക്രമം വഴി പരിഹാരം കാണാൻ കഴിയില്ലെന്നും ഇരു സംസ്ഥാനങ്ങളും ശാന്തമായിരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു. ബംഗളൂരുവില്‍ മെട്രോ റെയിൽ സേവനങ്ങൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
 
ഇതിനിടെ, സുരക്ഷ ഉറപ്പു വരുത്തുന്നതിനായി അര്‍ധസൈനിക വിഭാഗത്തിന് പുറമേ സംസ്ഥാന സര്‍ക്കാര്‍ 15,000 പോലീസുകാരെ നഗരത്തില്‍ വിന്യസിച്ചു.
 
വാട്‌സ് ആപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ കള്ളപ്രചാരണങ്ങളാണ് കൂടുതലായും നടക്കുന്നതെന്നും ഇതില്‍ എന്തെങ്കിലും സംശയം തോന്നുന്നവര്‍ പൊലീസിനെ ബന്ധപ്പെടണമെന്നും ബംഗളൂരു പൊലീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
Next Article