Azadi Ka Amrit Mahotsav: ജുലൈ 22 ദേശീയപതാക ദിനം

വെള്ളി, 22 ജൂലൈ 2022 (12:29 IST)
ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ച് 75 വർഷങ്ങളുടെ കഥയാണ് പറയാനുള്ളതെങ്കിൽ അതിനേക്കാൾ ഏറെ പഴക്കമുണ്ട് ദേശീയപതാകയുടെ കഥയ്ക്ക്. ഒന്നാം സ്വാതന്ത്രസമരം പൊട്ടിപ്പുറപ്പെട്ട 1857ൽ ചെങ്കോട്ടയിലാണ് ആദ്യമായി ദേശീയപതാക ഉയരുന്നത്. പിന്നീട് സ്വാതന്ത്രസമരത്തിൻ്റെ ഭാഗമായി നിരവധി പതാകകൾ ഉയർന്നു വന്നു.
 
1947 ജൂലൈ 22ന് ചേർന്ന കോൺസ്റ്റിറ്റുവൻഡ് അസംബ്ലിയാണ് ഇന്ന് കാണുന്ന ദേശീയപതാകയെ അംഗീകരിച്ചത്. ആന്ധ്ര സ്വദേശിയായ പിംഗലി വെങ്കയ്യയാണ് ദേശീയപതാകയുടെ ശിൽപി.1883ൽ ഇന്ത്യൻ നാഷണൽ സൊസൈറ്റി അംഗീകരിച്ച പതാകയാണ് ദേശീയപതാകയുടെ ആദ്യരൂപമായി കരുതുന്നത്.  പിന്നീട് ഭഗിനി  നിവേദിത രൂപകൽപ്പന ചെയ്ത ഓറഞ്ച് നിറത്തിലുള്ളപതാക 1906ലെ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ഉയർത്തിയിരുന്നു.
 
ബംഗാൾ വിഭജനത്തിന് ശേഷം പാഴ്സിഭവൻ ചത്വരത്തിൽ പച്ച,മഞ്ഞ,ചുവപ്പ് നടുവിലെ മഞ്ഞയിൽ വന്ദേമാതരം എന്നെഴുതികൊണ്ട് മറ്റൊരു പതാകയുണ്ടായി. മുകളിലെ പച്ചയിൽ 8 ഇന്ത്യൻ പ്രവിശ്യകളെ പ്രതിനിധീകരിച്ചുകൊണ്ട് 8 താമരക്കൂമ്പുകൾ,ചുവട ചുവപ്പിൽ ഇസ്ലാമിക ചിഹ്നമായ ചന്ദ്രക്കലയും ഹൈന്ദവ ചിഹ്നമായ സൂര്യബിംബവും നൽകിയിരുന്നു. സചീന്ദ്രബോഓസായിരുന്നു ഈ പതാകയ്ക്ക് രൂപം നൽകിയത്.
 
1907ൽ സ്വാതന്ത്രസമരസേനാനിയായ മാഡം ബിക്കാജി കാമയായിരുന്നു വിദേശമണ്ണിൽ ആദ്യമായി ഇന്ത്യൻ പതാക ഉയർത്തിയത്. 1917ൽ ഹോം റൂൾ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ആനി ബസൻ്റും ബാലഗോപാല തിലകനും ചേർന്ന് മറ്റൊരു പതാക ഉയർത്തി, ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെയുള്ളിൽ നിന്നുകൊണ്ടുള്ള സ്വയംഭരണമായിരുന്നു ഹോം റൂൾ പ്രസ്ഥാനം മുന്നോട്ട് വെച്ചത്. അതിനാൽ ചുവപ്പും പച്ചയും വരകൾക്ക് പുറമെ ബ്രിട്ടീഷ്  പതാകയും ഇസ്‌ലാമിക ചന്ദ്രക്കലയും സപ്തർഷി നക്ഷത്രജാലവും അതിൽ ചേർന്നു. 
 
1921ൽ വിജയവാഡയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തീലാണ് പിങ്കലി വെങ്കയ്യ രൂപകൽപ്പന ചെയ്ത പതാക ഗാന്ധിജിക്ക് സമർപ്പിക്കുന്നത്.കോൺഗ്രസിന്റെ ചിഹ്നമായ ചർക്ക ആലേഖനം ചെയ്ത പതാകയുടെ പശ്ചാത്തലത്തിൽ ഹിന്ദു-മുസ്ലിം സമുദായങ്ങളെ സൂചിപ്പിക്കാൻ ചുവപ്പും പച്ചയും വർണങ്ങളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. മറ്റ് സമുദായങ്ങളെ കൂടി പ്രതിനിധീകരിക്കാൻ വെള്ള കൂടി ചേർക്കാൻ ഗാന്ധി നിർദേശിക്കുകയായിരുന്നു.
 
1931ൽ ചില ഭേദഗതികളോടെ ഈ പതാക അംഗീകരിക്കപ്പെട്ടു. ചുവപ്പിന് പകരം കുങ്കുമം വന്നപ്പോൾ നിറങ്ങൽ മതവിഭാഗങ്ങളെയല്ല സൂചിപ്പിക്കുന്നെതെന്ന് പ്രഖ്യാപിക്കപ്പെട്ടു. ചർക്ക തന്നെയായിരുന്നു അപ്പോഴും അശോകചക്രത്തിൻ്റെ പകരമായിരുന്നത്. 1947 ജൂലൈയിൽ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി മറ്റൊരു ഭേദഗതിയോടെ ചർക്കയ്ക്ക് പകരം അശോകചക്രവർത്തിയുടെ ധർമ്മചക്രം ചേർക്കപ്പെട്ടു. ഇതാണ് ഇന്ന് നമ്മൾ കാണുന്ന ദേശീയപതാക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍