പ്രമുഖ ബിസ്‌ക്കറ്റ് നിര്‍മ്മാണ കമ്പനിയായ പാര്‍ലെ-ജിയുടെ മുംബൈയിലുള്ള ബിസ്‌ക്കറ്റ് ഫാക്ടറി അടച്ചുപൂട്ടി. കമ്പനി ലാഭകരമല്ലാതായതോടെയാണ് അടച്ചു പൂട്ടിയത്. ചൗഹാന്‍ കുടുംബമാണ് 87 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ലെ ജി കമ്പനി നോക്കി നടത്തിയിരുന്നത്.
1939ലായിരുന്നു കമ്പനിയുടെ തുടക്കം.1980ലാണ് പാര്‍ലെ ഗ്ലൂക്കോ എന്ന പേര് പാര്‍ലെ-ജിയെന്നാക്കി മാറ്റിയത്. ഒരു കാലത്ത് രാജ്യത്തെ ബിസ്‌കറ്റ് വില്‍പനയുടെ നാല്‍പത് ശതമാനവും പാര്‍ലെജിയുടെ കൈകളിലായിരുന്നു. എന്നാല്‍ ഇന്നത്തെ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാര്‍ലെ-ജിക്കായില്ല.
ലാഭകരമല്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളുകളായി കമ്പനിയില്‍ ഉല്‍പ്പാദനം കുറച്ചുകൊണ്ടു വരികയായിരുന്നു. ഒടുവില്‍ 300 ജോലിക്കാര്‍ മാത്രമാണ് കമ്പനിയിലുണ്ടായിരുന്നത്. അവരെല്ലാം വിആര്‍എസ് എടുത്തു പോകുകയും ചെയ്തു.
ഒരുതരത്തിലും ലാഭകരമാക്കാന്‍ കഴിയാത്തതുകൊണ്ടാണ് കമ്പനി പൂട്ടുന്നതെന്ന് കമ്പനി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അരൂപ് ചൗഹാന്‍ വ്യക്തമാക്കി.