'എങ്ങോട്ടാടാ ഈ രാത്രിയിൽ ഇവരേയും കൊണ്ട്?; ബസ് കാത്ത് നിന്ന അച്ഛനും പെൺമക്കൾക്കും നേരെ ഓട്ടോ ഡ്രൈവർമാരുടെ ക്രൂരത

Webdunia
ഞായര്‍, 4 മാര്‍ച്ച് 2018 (12:51 IST)
ബസ് കാത്തുനിൽക്കുകയായിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ ഓട്ടോ ഡ്രൈവർമാരുടെ സദാചാര ഗുണ്ടായിസം. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപം ഫെബ്രുവരി 28 ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. മുട്ടിൽ അമ്പുകുത്തി പാറയിൽ സുരേഷ് ബാബുവാണ് ഓട്ടോ ഡ്രൈവർമാർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. 
 
പെൺമക്കളോടൊപ്പം ബസ് കാത്തുനിൽക്കുകയായിരുന്ന തന്നെ കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്തെന്നാണ് സുരേഷ് ബാബുവിന്റെ പരാതി. സംഭവദിവസം രാത്രി ബംഗളൂരുവിലേക്ക് പോകുന്നതിനായി നേരത്തേ ബുക്ക് ചെയ്തതനുസരിച്ച് കൽപ്പറ്റയിലെ അനന്തവീര ടാക്കീസിന് സമീപം ബസ് കാത്ത് നിൽക്കുകയായിരുന്നു സുരേഷ് ബാബുവും മക്കളും.
 
അടുത്തുണ്ടായിരുന്നു ഓട്ടോ സ്റ്റാൻഡിലെ ഏഴ് ഓട്ടോ ഡ്രൈവർമാർ 'എന്താടാ ഈ സമയത്തിവിടെ? ആരാടാ ഇവർ? എന്ന് ചോദിച്ച് സുരേഷിനെ ആക്രമിക്കുകയായിരുന്നു. പെണ്മക്കളുടെ മുന്നിൽ വെച്ച് തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് സുരേഷ് പറയുന്നു. ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന മക്കളാണ് ഇയാൾക്കുള്ളത്.
 
മക്കളാണെന്ന് പറഞ്ഞെങ്കിലും ആക്രമികൾ കേട്ടില്ല, പൊലീസിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും അതിനൊന്നും അവർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഒടുവിൽ നിർഭയയിലും വനിതാ സെല്ലിലും വിളിച്ച് പറഞ്ഞശേഷം ബസ് വന്നപ്പോൾ ഇവർ ബംഗലൂരിലേക്ക് പോയി. തിരിച്ചെത്തിയ ശേഷമാണ് പരാതി നൽകിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article