വൈദികനെ കുത്തിയത് എന്തിന് ?; മുൻകപ്യാർ ജോണിയുടെ മൊഴി പുറത്തുവിട്ട് പൊലീസ്
ശനി, 3 മാര്‍ച്ച് 2018 (10:27 IST)
കൊല്ലാന്‍ ഉദ്ദേശിച്ചു തന്നെയാണ് മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാദർ സേവ്യർ തേലക്കാട്ടിനെ കുത്തിയതെന്ന് പിടിയിലായ മുൻകപ്യാർ ജോണിയുടെ മൊഴി.
പരമ്പരാഗതമായി മലയാറ്റൂർ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും ജോണിയെ പിരിച്ചുവിട്ടിരുന്നു. നിരവധി തവണ തന്നെ തിരിച്ചെടുക്കണമെന്ന് ജോണി പള്ളി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇയാളെ തിരിച്ചെടുക്കാന്‍ മാനേജ്‌മെന്റ് ഒരുക്കമായില്ല. ഇതേ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമായതെന്നും ജോണി പൊലീസിന് മൊഴി നല്‍കി.
പുരോഹിതന്റെ വയറ്റിൽ കുത്താനായിരുന്നു ശ്രമിച്ചതെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാൽ ഈ ശ്രമം പാളി. അങ്ങനെയാണ് ഫാ സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി.
മലയാറ്റൂർ കുരിശു മുടിയുടെ ഒന്നാം സ്ഥലത്തിന് സമീപത്തു നിന്നാണ് വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് ജോണിയെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം ജോണി വനത്തിലേക്ക് കടന്നിരുന്നു. പൊലീസിനൊപ്പം നാട്ടുകാരും തിരച്ചില്‍ ശക്തമാക്കിയതോടെ കുരിശുമുടിയുടെ സമീപത്തായുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പന്നി ഫാമില്‍ ഒളിക്കുകയായിരുന്നു.
പെരുമ്പാവൂര്‍ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ജോണിയെ പിടികൂടിയത്. ഇയാള്‍ അവശനിലയിലാണെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിർത്തി ഇടതു തുടയിൽ കുത്തിയത്.