നിത്യസൂര്യന് ഇന്ന് നൂറാം പിറന്നാൾ! രഹസ്യങ്ങളുടെ കലവറയായിരുന്നു എം ജി ആർ

Webdunia
ചൊവ്വ, 17 ജനുവരി 2017 (12:23 IST)
എം ജി ആര്‍ എന്ന എം ജി രാമചന്ദ്രന്‍ - ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം സ്വന്തമാക്കുന്ന ആദ്യത്തെ സിനിമാ താരമാണ്. സംസ്ഥാന മുഖ്യമന്ത്രിയാകുന്ന സിനിമാ നടനും അദ്ദേഹം തന്നെ. ബഹുമുഖ പ്രതിഭയായിരുന്നു എം ജി ആര്‍. എം ജി ആറിന്‍റെ ജന്മദിനമാണ് ജനുവരി 17. പാലക്കാട്ടുകാരനായ മരുതൂര്‍ ഗോപാലമേനോന്‍ രാമചന്ദ്രനെന്ന എം ജി ആര്‍. ഓര്‍മ്മയായിട്ട്‌ ഡിസംബര്‍ 24-ന്‌ ഇരുപത്തി ഒമ്പതു വര്‍ഷം കഴിഞ്ഞു. 1987 ഡിസംബര്‍ 24ന് അദ്ദേഹം അന്തരിച്ചു. 
 
ഓര്‍മയായിട്ട്‌ പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇന്നും അവരുടെ മനസില്‍ അദ്ദേഹം തിലകമായി തുടരുന്നു. വിപ്ലവ നായകനായി ഇന്നും തമിഴ്മക്കളുടെ ഹൃദയത്തിൽ അദ്ദേഹം ജീവിക്കുന്നു. തമിഴകം വാണ രാഷ്ട്രീയ നേതാവായ എം ജി ആര്‍ തമിഴ്മക്കളുടെ ഹൃദയവും വാണിരുന്നു. ഇന്ന് അദ്ദേഹത്തിന്റെ നൂറാം ജന്മവാർഷികമാണ്. കാലമിത്ര കഴിഞ്ഞിട്ടും എം ജി ആറിനു പകരം മറ്റൊരാളെ അവര്‍ കണ്ടെത്തിയില്ല, സ്‌നേഹിച്ചില്ല. 
 
എം ജി ആറിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ 20 ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്തിരുന്നു. സുഖമില്ലാതെ കിടന്നപ്പോള്‍ ജീവന്‍ കൊടുത്ത് അദ്ദേഹത്തിന്‍റെ ജീവന്‍ രക്ഷിക്കാനായി 24 പേര്‍ ആത്മാഹൂതി നടത്തി. നടനും നിര്‍മ്മാതാവും സംവിധായകനുമായിരുന്നു എം ജി ആര്‍. ഗൗരവമേറിയ വേഷങ്ങളും തമാശ വേഷങ്ങളും ഒരേ ലാഘവത്തോടെ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 
 
കഷ്ടപ്പെട്ട ബാല്യമായിരുന്നു എം ജി ആറിന്‍റെ ചാലകശക്തി. പാവങ്ങളെ അദ്ദേഹം എന്നും തുണച്ചു സഹായിച്ചു. സ്വന്തം സിനിമകളിലും അദ്ദേഹം ജനനായകനായും പാവങ്ങളുടെ പടത്തലവനായും പ്രത്യക്ഷപ്പെട്ടു. ദുരിതവും കഷ്ടപ്പാടും ദുരന്തങ്ങളും കണ്ടാല്‍ എം.ജി.ആര്‍ കൈയയച്ച് സഹായിക്കുമായിരുന്നു. 1962ലെ ചീനാ ആക്രമണസമയത്ത് അദ്ദേഹം 75,000 രൂപ സംഭാവന ചെയ്ത് യുദ്ധ ഫണ്ടിന് തുടക്കമിട്ടു. 
 
തമിഴ്നാട്ടില്‍ തമിഴ് സര്‍വ്വകലാശാല, ഡോ. എം എം ആര്‍ മെഡിക്കല്‍ കോളജ്, വനിതാ സര്‍വ്വകലാശാല എന്നിവ തുടങ്ങിയത് എം ജി ആറാണ്. ആദ്യമായി അഭിനയിച്ച സിനിമ 'സതി ലീലാവതി'യാണ്‌. എസ്‌ എസ്‌ വാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സിനിമയില്‍ ഒരു പോലീസുകാരന്റെ വേഷമായിരുന്നു എം ജി ആറിന്. 
 
സിനിമാരംഗത്ത്‌ സ്വന്തമായി മേല്‍വിലാസം ഉണ്ടാക്കി ശക്‌തനായപ്പോള്‍ 'നാടോടി മന്നന്‍' എന്ന സ്വന്തം സിനിമ നിര്‍മ്മിച്ചു. നായകനായി അഭിനയിച്ചതും എം ജി ആര്‍ തന്നെ. 1958-ല്‍ പ്രദര്‍ശനശാലകളിലെത്തിയ ഈ സിനിമ 180 ദിവസമാണ്‌ പ്രദര്‍ശിപ്പിച്ചത്‌. ആ ചിത്രത്തിലൂടെ ജനമനസുകള്‍ കീഴടക്കാന്‍ എം ജി ആറിനു കഴിഞ്ഞു. 1972ല്‍ എം കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത തമിഴ് പടമായ റിക്ഷാക്കാരനിലെ അഭിനയത്തിന് എം ജി ആറിന് ഭരത് അവാര്‍ഡ് ലഭിച്ചിരുന്നു. 
 
രഹസ്യങ്ങളുടെ കലവറയായിരുന്നു എം ജി ആറിന്റെ മനസ്സ്. രഹസ്യം സൂക്ഷിക്കുന്ന തന്ത്രശാലിയെന്നും അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചിരുന്നു. നാളെ എന്താണ്‌ ചെയ്യാന്‍ പോകുന്നതെന്നു വ്യക്‌തമായ ധാരണകള്‍ ഉണ്ടായിരുന്നാല്‍ പോലും അക്കാര്യം ആരോടും പറയില്ല. അതുപോലെ തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞിട്ടാകും അഭിപ്രായം ചോദിക്കുക. തമിഴ്‌നാട്ടിലെ സ്‌ത്രീകളുടെ മനഃശാസ്‌ത്രം അരച്ചുകലക്കി കുടിച്ച ആളായിരുന്നു എം ജി ആർ.
 
1953ല്‍ ഡി എം കെയിലൂടെ രാഷ്ട്രീയത്തിലെത്തിയ എം ജി ആര്‍ 72ല്‍ അഖിലേന്ത്യാ അണ്ണാ ഡി എം കെ എന്നൊരു പാര്‍ട്ടിയുണ്ടാക്കി. 1977ല്‍ ഈ പാര്‍ട്ടി തമിഴകം തൂത്തുവാരി ജയിച്ചു. എം ജി ആര്‍ മുഖ്യമന്ത്രിയായി - മരിക്കുന്നതു വരെ - 9 കൊല്ലം - ആദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു.
Next Article