സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കി മാറ്റുന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രാജ്യത്ത് നിലനിൽക്കുന്ന ഏഴ് വിവാഹനിയമങ്ങളിൽ മാറ്റം വരും. ബാല വിവാഹ നിരോധനനിയമത്തിൽ ചൈൽഡ് എന്നതിൽ 21 വയസ് തികയാത്തെ പുരുഷനെയും 18 തികയാത്തെ സ്ത്രീയേയുമാണ് ഉൾപ്പെടുത്തിയിരുന്നത്. പുതിയ നിയമത്തിൽ 21 വയസ്സ് വരെ സ്ത്രീയും പുരുഷനും ചൈൽഡ് എന്ന വിഭാഗത്തിലേക്ക് മാറും.
കൂടാതെ, ഇന്ത്യൻ ക്രിസ്ത്യൻ വിവാഹനിയമം,പാർസി വിവാഹ-വിവാഹമോചന നിയമം,ഹിന്ദു വിവാഹ നിയമം,പ്രത്യേക വിവാഹ നിയമം,വിദേശിയുമായുള്ള നിയമം,ഇസ്ലാമിക വിവാഹനിയമം എന്നിവയിലും മാറ്റം വരും. ഇസ്ലാമിക നിയമപ്രകാരം 15 വയസ്സ് കഴിഞ്ഞ സ്ത്രീക്ക് വിവാഹമാകാം.ഇതിലുൾപ്പടെ മാറ്റം സംഭവിക്കും.
കൂടാതെ ഹിന്ദു മൈനോറിറ്റി ആൻഡ് ഗാർഡിയൻഷിപ്പ് നിയമത്തിലും ഹിന്ദു ദത്തെടുക്കൽ-പരിപാലന നിയമത്തിലും ബിൽ വരുന്നതോടെ ഭേദഗതി നടത്തേണ്ടി വരും. ഗാർഡിയൻഷിപ്പ് നിയമത്തിൽ മൈനർ പെൺകുട്ടി വിവാഹിതയായാൽ രക്ഷാകർതൃത്വം ഭർത്താവിന്ന എന്ന വ്യവസ്ഥ ഒഴിവാക്കും.
ഹിന്ദു ദത്തെടുക്കൽ-പരിപാലന നിയമത്തിൽ മൈനർ അല്ലാത്തവർക്ക് ദത്തെടുക്കാമെന്നാണ്. 18 വയസ് തികയും വരെയാണ് മൈനർ. ഈ നിർവചനത്തിൽ മാറ്റം വരുത്തില്ല. എന്നാൽ 21 വയസ്സിൽ കുറയാതെ പ്രായമുള്ള പുരുഷനും സ്ത്രീക്കും ദത്തെടുക്കാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തും.
പ്രായപൂർത്തിയാകാതെ വിവാഹബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിക്ക് അതിനെപറ്റി പരാതിയുണ്ടെങ്കിൽ അത് 20 വയസിനകം നൽകാമെന്നാണ് ബാല വിവാഹ നിരോധന നിയമത്തിലെ വ്യവസ്ഥ. ഇത് 23 വയസാക്കി വർധിപ്പിക്കാനുള്ള നിർദേശം ബില്ലിലുണ്ട്.