ശുദ്ധ ജലത്തിനായി കടലിനേ ആശ്രയിക്കുന്ന ദ്വീപരാഷ്ട്രമായ മാലിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനേ തുടര്‍ന്ന് ഇന്ത്യ 22 ടണ്‍ കുപ്പിവെള്ളം മാലിയിലേക്ക് അയച്ചു. കടല്‍വെള്ളം ശുദ്ധീകരിച്ചാണ് മാലിയിലെ കുടിവെള്ള വിതരണം പ്രധാനമായും നടക്കുന്നത്. എന്നാല്‍ രണ്ടു ദിവസം മുമ്പ് കടല്‍ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിലെ ജനറേറ്റര്‍ കത്തി നശിച്ചതിനേ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമാകുകയായിരുന്നു.
പ്രശനം ഗുരുതരമായതൊടെ ഇന്ത്യയുടെയും ശ്രീലങ്കയുടെയും സഹായം മാലി അഭ്യര്‍ഥിച്ചിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തില്‍ 22 ടണ്‍ കുടിവെള്ളമാണ് ആദ്യഘട്ടത്തില്‍ കൊണ്ടുപോയത്. മാലിയുടെ തൊട്ടടുത്ത സ്ഥലമായതിനാലാണ് തിരുവനന്തപുരത്തുനിന്ന് എയര്‍ഫോഴ്‌സിന്റെ വിമാനത്തില്‍ വെള്ളം കൊണ്ടുപോകാനുള്ള തീരുമാനമെടുത്തത്. ഉച്ചയ്‍ക്കു ഒരു മണിയോടെ എയര്‍ഫോഴ്‌സിന്റെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് പുറപ്പെട്ടു.
ഡല്‍ഹിയില്‍ നിന്ന് അടിയന്തരമായി കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളവും കൊണ്ട് വിമാനം ഉച്ചയോടെ തിരിക്കുകയായിരുന്നു. വിമാനത്തില്‍ എയര്‍ഫോഴ്‌സ് സംഘവുമുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കുടിവെള്ളവുമായി എയര്‍ഫോഴ്‌സിന്റെ വിമാനം ഇനിയും പോകുമെന്നാണ് അറിയുന്നത്. മലയാളികളടക്കം നിരവധി ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന സ്ഥലമാണ് മാലി.