ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളേയും ശക്തിപ്പെടുത്തുകയെന്നത് മഹാത്മ ഗാന്ധിയുടെ സ്വപ്നമായിരുന്നു, ഈ സ്വപ്നം നരേന്ദ്ര മോദി പൂർത്തീകരിക്കും: കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

Webdunia
തിങ്കള്‍, 25 ഏപ്രില്‍ 2016 (09:54 IST)
രാഷ്ട്രപിതാവായ മഹാത്മ ഗാന്ധിയുടെ സ്വപ്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളേയും ശക്തിപ്പെടുത്തുകയെന്നത് മഹാത്മ ഗാന്ധിയുടെ വലിയ ഒരു സ്വപ്നമായിരുന്നു. ഇതു പൂർത്തീകരിക്കാന്‍ നരേന്ദ്ര മോദിയ്ക്കു കഴിയുമെന്നും കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. ജമ്മു കശ്മീരിലെ കതുവയിൽ പഞ്ചായത്ത് രാജ്‌ദിന ചടങ്ങിൽ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.
 
എല്ലാ ഗ്രാമങ്ങളും വികസിച്ചാൽ രാജ്യം വികസിക്കും, കാരണം ഗ്രാമങ്ങളിലാണ് ഇന്ത്യ ജീവിക്കുന്നത്. ഗാന്ധിജിയുടെ ഈ കാഴ്ചപ്പാടാണ് ഇപ്പോള്‍ മോദിക്കുള്ളത്. കഴിഞ്ഞ ആറു ദശാബ്ദങ്ങളായി നടക്കാത്തതിനെ പ്രാവർത്തികമാക്കാനുള്ള ശ്രമത്തിലാണ് മോദി സർക്കാര്‍. പ്രതിപക്ഷത്തായിരുന്ന സമയത്തും ഗാന്ധിജിയുടെ ഈ ആശയം തങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ഗ്രാമീണ ജനതയുടെ വളർച്ചയ്ക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഗ്രാമീണ ജനതയ്ക്കും കർഷകർക്കും വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം സർക്കാർ ചെയ്യും. ഇവയെല്ലാം അവരുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം