ധർമരാജനുമായി പലതവണ ഫോണിൽ ബന്ധപ്പെട്ടു, കുഴൽപണകേസിൽ അന്വേഷണം സുരേന്ദ്രന്റെ മകനിലേക്കും

Webdunia
ഞായര്‍, 6 ജൂണ്‍ 2021 (09:27 IST)
കൊടകര കുഴൽപണകേസിൽ അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനിലേക്കും നീളുന്നു. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പരാതിക്കാരന്‍ ധര്‍മരാജനും സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണനും ഫോണില്‍ പലവട്ടം ബന്ധപ്പെട്ടിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ഹരികൃഷ്ണന്റെ മൊഴിയെടുക്കും.
 
കേസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ധര്‍മരാജനുമായി കോന്നിയില്‍വെച്ച് ഹരികൃഷ്ണന്‍ കൂടിക്കാഴ്ച നടത്തിയെന്നുള്ള വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ധര്‍മരാജന്‍ വലിയതോതിലുള്ള കുഴല്‍പ്പണ ഇടപാടിലെ കണ്ണിയാണ് എന്ന വിവരം നേരത്തെ തന്നെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ധർമരാജൻ ആരെയെല്ലാം ബന്ധപ്പെട്ടു, പണ ഇടപാടുമായി ബന്ധപ്പെട്ട് ധര്‍മരാജനെ ആരൊക്കെ വിളിച്ചു എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
 
ഇതില്‍നിന്നാണ് ഹരികൃഷ്ണന്റെ ഫോണില്‍നിന്ന് നിരവധി തവണ ധര്‍മരാജനെ വിളിച്ചതായി പോലീസ് കണ്ടെത്തിയത്‌. കുഴൽപണകേസിൽ പ്രതിരോധത്തിലായ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

Next Article