ഇരുപത്തിമൂന്നാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ ഡോ. ബിജു മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. സൗണ്ട് ഓഫ് സൈലന്‍സ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയുടെ ബംഗാള്‍ ടൈഗര്‍ പുരസ്‌കാരമാണ് ഡോ. ബിജുവിന് ലഭിച്ചത്.
ഇന്ത്യന്‍ ചിത്രങ്ങളുടെ മത്സര വിഭാഗത്തില്‍ നിന്നാണ് പുരസ്‌കാരം. ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ കൂടിയാണ് കൊല്‍ക്കത്തയില്‍ നടന്നത്. രാജ്യാന്തര ജൂറിയാണ് ഡോ. ബിജുവിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
ബിജുവിന്റെ ആദ്യ ഇതര ഭാഷാ ചലച്ചിത്രമാണ് സൗണ്ട് ഓഫ് സയലന്‍സ്. കേരളത്തില്‍ IFFKക്ക് തുടക്കമാകുന്ന ഡിസംബര്‍ 8ന് തിരുവനന്തപുരത്ത് സമാന്തരമായി സിനിമ റിലീസ് ചെയ്യും. ഐഎഫ്എഫ്കെയിലേക്ക് ചിത്രം തെരഞ്ഞെടുത്തിരുന്നില്ല. ഇക്കാര്യം ബിജു സൂചിപ്പിക്കുന്നുമുണ്ട്.
‘സ്വന്തം നാട്ടിലെ മേളയില്‍ ചിത്രം തെരഞ്ഞെടുക്കപ്പെടാത്തത് സങ്കടകരമാണ്. ഇത്തരം ഒഴിവാക്കലുകള്‍ ഇപ്പോള്‍ നിരന്തരം സംഭവിക്കുന്നത് കൊണ്ട് അതൊക്കെ അവഗണിക്കാനാണ് മനസ്സ് പറയുന്നത്.’-പുരസ്‌കാരത്തിന് ശേഷം ഡോ. ബിജു പ്രതികരിച്ചു.
അനാഥത്വം കൊണ്ട് ബുദ്ധ ആശ്രമത്തില്‍ എത്തിപ്പെടുന്ന ഊമയായ കുട്ടിയുടെ ജീവിത പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഉള്ളടക്കം. കേന്ദ്രകഥാപാത്രമായ കുട്ടിയെ അവതരിപ്പിക്കുന്നത്. ഡോ. ബിജുവിന്റെ മകന്‍ മാസ്റ്റര്‍ ഗോവര്‍ദ്ധനാണ്.