ആരോഗ്യനില മോശമായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയെ അദ്ദേഹത്തിന്റെ ഭാര്യ ദയാലു അമ്മാള്‍ സന്ദര്‍ശിച്ചു.
കരുണാനിധി ആശുപത്രിയിലായ ശേഷം ആദ്യമായിട്ടാണ് ദയാലു അമ്മാളിനെ കൊണ്ടുവന്ന് കരുണാനിധിയെ കാണിച്ചത്. വീൽ ചെയറിലാണ് അവര്‍ ആശുപത്രിയില്‍ എത്തിയത്. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും മകനുമായ എംകെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയുമായി ചർച്ച നടത്തി.
കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കാന്ന് ഡോക്ടർമാർ തയ്യാറായിട്ടില്ല.
മഞ്ഞപ്പിത്തം ബാധിച്ച കരളിന്റെ പ്രവർത്തനം മന്ദീഭവിച്ചു തുടങ്ങിയെന്നും ഈ സാഹചര്യത്തില്‍ എന്തെങ്കിലും ഉറപ്പു നൽകാൻ കഴിയില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
പ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഏറെക്കുറെ നിശ്ചലമായതിനാല്‍ മരുന്നുകളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യനിലയിലെ പുരോഗതി. 24 മണിക്കൂറിന് ശേഷം മാത്രമെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കു എന്ന് ആശുപത്രിയുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കാവേരി ആശുപത്രിക്ക് സമീപവും ചെന്നൈ നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
കൂടുതല്‍ പൊലീസുകാര്‍ ചെന്നൈയില്‍ എത്തുന്നതോടെ ഇവര്‍ക്ക് താമസിക്കാൻ നഗരത്തിലെ കല്യാണ മണ്ഡപങ്ങളിൽ സൗകര്യമൊരുക്കും. സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തുടരുന്നതാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.