കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്ക; ചെന്നൈയില്‍ സുരക്ഷ ശക്തമാക്കി - സമീപ ജില്ലകളില്‍ നിന്നും കൂടുതല്‍ പൊലീസ് എത്തുന്നു

ചൊവ്വ, 7 ഓഗസ്റ്റ് 2018 (16:01 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാല്‍ സുരക്ഷ ശക്തമാക്കി പൊലീസ്. കാവേരി ആശുപത്രിക്ക് സമീപവും നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

കൂടുതല്‍ പൊലീസുകാര്‍ ചെന്നൈയില്‍ എത്തുന്നതോടെ ഇവര്‍ക്ക് താമസിക്കാൻ നഗരത്തിലെ കല്യാണ  മണ്ഡപങ്ങളിൽ സൗകര്യമൊരുക്കും. സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തുടരുന്നതാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

കരുണാനിധിയുടെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, എംകെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയുമായി ചർച്ച നടത്തി. കാവേരി ആശുപത്രിയിൽ ഡിഎംകെയുടെ മുതിർന്ന  നേതാക്കളുമായി  ചർച്ച നടത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച.

പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിന് പിന്നാലെ മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതുമാണ് കരുണാനിധിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടാക്കുന്നത്. ചികിൽസ തുടരുന്നുണ്ടെങ്കിലും ആരോഗ്യനില ആശാവഹമല്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിലില്‍ വ്യക്തമാക്കിയിരുന്നു. അതേ സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍