‘പിടിക്കപ്പെടാതിരിക്കാന്‍ കോഴിയെ അറുത്തു പൂജ നടത്തി, രക്ഷിക്കുമെന്ന് കരുതിയ 300 മൂർത്തികളും സഹായിച്ചില്ല’; കമ്പകക്കാനം കൂട്ടക്കൊലയുടെ പിന്നാമ്പുറങ്ങള്‍ ഭയപ്പെടുത്തുന്നത്
ചൊവ്വ, 7 ഓഗസ്റ്റ് 2018 (15:37 IST)
തൊടുപുഴ കമ്പകക്കാനത്തെ കൂട്ടക്കൊല്ലയില്‍ പിടിക്കപ്പെടാതിരിക്കാന്‍ പ്രതികള്‍ കോഴിയെ അറുത്തു പൂജ നടത്തി. അറസ്‌റ്റിലായ അടിമാലിക്കാരനായ അനീഷും കാരിക്കോട് സ്വദേശിയായ സുഹൃത്ത് ലിബീഷുമാണ് പൊലീസിന്‍ നിന്ന് രക്ഷപ്പെടാന്‍ മന്ത്രവാദത്തെ ആശ്രയിച്ചത്.
കൊലപാതക വിവരം പുറത്തറിഞ്ഞുവെന്നും ബുധനാഴ്ച മൃതദേങ്ങൾ പുറത്തെടുത്തുവെന്നും മനസിലാക്കിയ ലിബീഷ് വ്യാഴാഴ്‌ച അനീഷിന്റെ വീട്ടിലെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചുവെന്നും പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ലിബീഷ് അറിയിച്ചതോടെ വീട്ടില്‍ പ്രത്യേക പൂജ നടത്തിയ ശേഷം അനീഷ് കോഴിയെ കുരുതി കൊടുത്തു.
കഴിഞ്ഞ മാസം 29നായിരുന്നു കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
രണ്ടുവർഷത്തോളം കൃഷ്ണനൊപ്പം നിന്ന് പൂജയും മന്ത്രവാദവും പഠിച്ചയാളാണ് അനീഷ്. പിന്നീട് ഇയാൾ സ്വന്തം നിലയ്ക്ക് പൂജകൾ ചെയ്യാൻ തുടങ്ങി. ഇവയൊന്നും ഫലം കാണാതെ വന്നപ്പോൾ കൃഷ്ണന്‍ തന്റെ മാന്ത്രികശക്തി അപഹരിച്ചതാണെന്ന് അനീഷ് കരുതി.
കൃഷ്‌ണനെ കൊലപ്പെടുത്തിയാല്‍ 300 മൂർത്തികളുടെ ശക്തി തനിക്ക് ലഭിക്കുമെന്നും അനീഷ് വിശ്വസിച്ചിരുന്നു.